ജര്‍മനിയും ഫ്രാന്‍സും തുര്‍ക്കിയും അപകടപ്പട്ടികയില്‍
Thursday, June 30, 2016 8:13 AM IST
ബര്‍ലിന്‍: തുര്‍ക്കിയിലെ ഭീകരാക്രമണം കൂടി കഴിഞ്ഞതോടെ യൂറോപ്പില്‍ ഭീകരാക്രമണ ഭീഷണി അടുത്ത ഘട്ടത്തിലേക്ക്. തുര്‍ക്കിയും ഫ്രാന്‍സും ജര്‍മനിയും ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ഇസ്റാംബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ മൂന്നു ചാവേറുകള്‍ ചേര്‍ന്ന് അമ്പതോളം പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്.

ഭൂമിയുടെ പ്രധാന ധമനികളെയാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അവര്‍ക്ക് ഏറ്റവും എളുപ്പമുള്ള ലക്ഷ്യങ്ങളായി മാറിക്കഴിഞ്ഞെന്നും വിദഗ്ധരുടെ മുന്നറിയിപ്പ്.

ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണി നേരിടുന്നതായി ഏഴു യൂറോപ്യന്‍ രാജ്യങ്ങളെയാണ് ലിസ്റ് ചെയ്തിരിക്കുന്നത്. യൂറോപ്പില്‍ എവിടെയും യാത്ര ചെയ്യുന്നവര്‍ക്ക് യുഎസ് ഇതിനകം മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.

യുകെ, ഫ്രാന്‍സ്, സ്പെയ്ന്‍, ബെല്‍ജിയം, ജര്‍മനി, തുര്‍ക്കി, റഷ്യ എന്നിങ്ങനെയാണ് ആദ്യ ഏഴു രാജ്യങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍