സംയുക്ത ഈദ് ഗാഹ്: ഒരുക്കങ്ങള്‍ ആരംഭിച്ചു
Thursday, June 30, 2016 8:11 AM IST
കുവൈത്ത് സിറ്റി : കേരള ഇസ്ലാമിക് ഗ്രൂപ്പും (കെഐജി) ഇന്ത്യന്‍ ഇസ്ലാഹി സെന്ററും (ഐഐസി) സംയുക്തമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സംയുക്ത ഈദ് ഗാഹുകളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഐക്യവും സാഹോദര്യവും വിളംബരം ചെയ്ത് കുവൈത്തിലെ ഒമ്പത് സ്ഥലങ്ങളിലാണ് സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇത്തവണയും ഈദ് ഗാഹുകള്‍ നടക്കുന്നത്.

കെഐജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍ അബ്ബാസിയ യുണൈറ്റഡ് സ്കൂളിനു പരിസരത്തെ ഈദ് ഗാഹിനും ഫഹാഹീല്‍ ബലദിയ്യ പാര്‍ക്കിലെ ഈദ് ഗാഹിനു ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനിയും നേതൃത്വം നല്‍കും. സാല്‍മിയ പാര്‍ക്കില്‍ അബ്ദുല്‍ അസീസ് സലഫി, കുവൈത്ത് സിറ്റി ബലദിയ്യ പാര്‍ക്കില്‍ അനീസ് ഫാറൂഖി, മംഗഫ് കേംബ്രിഡ്ജ് സ്കൂളിനു സമീപം കെ.എം. അന്‍സാര്‍, ഫര്‍വാനിയ പാര്‍ക്കില്‍ മുഹമ്മദ് അരിപ്ര, റിഗായി പെട്രോള്‍ പമ്പിനു സമീപത്തെ പാര്‍ക്കില്‍ കെ.എ. സുബൈര്‍, മഹ്ബൂല ഫുട്ബോള്‍ കോര്‍ട്ടില്‍ അനീസ് അബ്ദുസലാം, ജഹ്റ മസ്ജിദ് അല്‍ മുഅ്തസീമില്‍ ഷമീമുള്ള സലഫി എന്നിവര്‍ വിവിധ ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കും.

പെരുന്നാള്‍ നമസ്കാരം പുലര്‍ച്ചെ 5.10 ന് ആരംഭിക്കും. എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ഈദ് ഗാഹുകളുടെ സുഖമമായ നടത്തിപ്പിനും വിജയത്തിനും വേണ്ടി എല്ലാ സ്ഥലങ്ങളിലും സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ കീഴില്‍ സബ്കമ്മിറ്റികള്‍ക്കു രൂപം നല്‍കി ഒരുക്കങ്ങള് ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍