ഫ്രാങ്ക്ഫര്‍ട്ടില്‍ ലോക സാംസ്കാരിക മേള
Thursday, June 30, 2016 8:08 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വിദേശരാജ്യക്കാര്‍ താമസിക്കുന്ന ഫ്രാങ്ക്ഫര്‍ട്ടില്‍ 'ഓരോരുത്തരും വ്യത്യസ്ഥര്‍ എന്നാല്‍ എല്ലാവരും ഫ്രാങ്ക്ഫര്‍ട്ടര്‍' എന്ന മുദ്രാവാക്യത്തില്‍ നഗരസഭയും സംസ്ഥാന യുവജന സംഘടനയും വിദേശ രാജ്യക്കാരുടെ സംഘടനകളും ഒന്നിച്ചു നടത്തിയ ഈ വര്‍ഷത്തെ ലോക സാംസ്കാരിക മേളയില്‍ 55 വിദേശ രാജ്യങ്ങളില്‍ നിന്നും 2250 കലാകാരന്മാരും കലാകാരികളും പങ്കെടുത്തു.

വിവിധ രാജ്യങ്ങളില്‍നിന്നും വരുന്നവര്‍, വിവിധ ഭാഷകള്‍ സംസാരിക്കന്നവര്‍, വിഭിന്ന സാംസ്കാരിക പാരമ്പര്യമുള്ളവര്‍ എന്നിവരാണ് ലോക സാംസ്കാരിക മേളയില്‍ പങ്കെടുക്കുന്നത്. ഒരു വിദേശ രാജ്യ മഹാനഗരത്തില്‍ പരസ്പരം യോജിച്ച്, മനസിലാക്കി, സമാധാനത്തിലും സഹിഷ്ണതയിലും സഹകരണത്തിലും ആതിഥേയ രാജ്യ ജനതയോടൊപ്പം സമാധാനത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നത് പ്രകടിപ്പിക്കുകയും ചുരുക്കം ജര്‍മന്‍ ജനതക്ക് വിദേശികളോടുള്ള വെറുപ്പ്, അസഹിഷ്ണത എന്നിവ ഒഴിവാക്കുകയുമാണ് വര്‍ഷം തോറും നടത്തുന്ന ഫ്രാങ്ക്ഫര്‍ട്ടിലെ ലോക സാംസ്കാരിക മേളയുടെ ഉദ്ദേശം.

ഫ്രാങ്ക്ഫര്‍ട്ട് നഗരമധ്യത്തിലൂടെ അതാത് രാജ്യങ്ങളുടെ തനതായ വേഷവിധാനങ്ങള്‍ അണിഞ്ഞ്, തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചു നടത്തുന്ന ഘോഷയാത്ര മറ്റൊരു ജര്‍മന്‍ നഗരത്തിലും ദര്‍ശിക്കാനാവില്ല. വിദേശികളുടെ കലാസാംസ്കാരിക പരിപാടികളും വിവിധ തരത്തിലുള്ള ഭക്ഷണസാധനങ്ങളും ആസ്വദിച്ച് മനുഷ്യര്‍ തമ്മില്‍ കൂടുതല്‍ അടുത്തറിയാനും കൂടുതല്‍ മാനുഷിക ബന്ധങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് നഗരസഭയും തുടര്‍ച്ചയായി ഈ ലോക സാംസ്കാരിക മേള സംഘടിപ്പിക്കുന്ന മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാനും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

ഈ വര്‍ഷത്തെ സാംസ്കാരിക മേളയില്‍ ഭാരത് ഫെറയിന്‍, ഇന്ത്യന്‍ ലേഡീസ് ക്ളബ്ബ് എന്നീ സംഘടനകള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജീവമായി പങ്കെടുത്തു. ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ് സാംസ്കാരിക മേളയുടെ ഘോഷയാത്രയിലെ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച പരിപാടി ആയിരുന്നു. ഇന്ത്യന്‍ ഭക്ഷണ വിതരണം പങ്കെടുത്തവരെയും അതിഥികളെയും കൂടുതല്‍ ആനന്ദപ്രദമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍