ബ്രിട്ടന്‍ പോയതോടെ സാമ്പത്തിക യൂണിയനു വഴി തെളിഞ്ഞു
Wednesday, June 29, 2016 8:18 AM IST
ബ്രസല്‍സ്: ഒരു വഴി അടയുമ്പോള്‍ മറ്റൊന്നു തുറക്കുമെന്നാണ് പറയാറ്. അതുപോലെ ചിലത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിച്ചതിലും സംഭവിക്കുന്നുണ്ട്. ഏകീകൃത സാമ്പത്തിക യൂണിയന്‍ രൂപീകരിക്കപ്പെടാനുള്ള സാധ്യത ശക്തമായതാണ് ഇതിലൊന്ന്.

യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്നെങ്കിലും യൂറോ പൊതു കറന്‍സി സ്വീകരിച്ചിരുന്നില്ല ബ്രിട്ടന്‍. ബ്രിട്ടന്റെ പാത പിന്തുടര്‍ന്നു മറ്റു ചില രാജ്യങ്ങളും സ്വന്തം കറന്‍സി നിലനിര്‍ത്തുകയാണ് ചെയ്തു വന്നത്. പൌണ്ട് പോലൊരു സുശക്തമായ കറന്‍സി വേറിട്ടു നില്‍ക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനു മാത്രമായൊരു സാമ്പത്തിക യൂണിയന്‍ എന്ന സങ്കല്‍പ്പം പൂര്‍ണ അര്‍ഥത്തില്‍ ഒരിക്കലും യാഥാര്‍ഥ്യമാകുമായിരുന്നില്ല.

പുതിയ സാഹചര്യത്തില്‍, യൂറോ കറന്‍സി സ്വീകരിച്ചിട്ടില്ലാത്ത മറ്റു രാജ്യങ്ങളെ അതിനു നിര്‍ബന്ധിക്കാനുള്ള ഒരുക്കത്തിലാണ് യൂണിയന്‍ നേതൃത്വം. പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ തന്നെയാണ് ഇതിനു നേതൃത്വം നല്‍കുന്നത്.

നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വമുള്ള എട്ടു രാജ്യങ്ങളാണ് യൂറോ കറന്‍സി സ്വീകരിച്ചിട്ടില്ലാത്തത്. ഇവരെ അനുനയിപ്പിക്കാനുള്ള രഹസ്യ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ, ബ്രിട്ടന്‍ രക്ഷപെട്ടു എന്നാണ് യുകെഐപി നേതാവ് നിഗല്‍ ഫാരാജ് പ്രതികരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍