തനിമ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
Wednesday, June 29, 2016 8:14 AM IST
ദമാം: വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയമായും ശാരീരികമായും സാമൂഹ്യപരമായും മാറ്റത്തിനു വിധേയമാകുന്നു. ഈ വലിയ പരിവര്‍ത്തനമാണ് റംസാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്നതിലൂടെ വിശ്വാസി കൈവരിക്കുന്നതെന്നു ഗ്രന്ഥകാരനും കവിയുമായ തോമസ് കുരുവിള. തനിമ ദമാം സോണ്‍ റോസ് റസ്ററന്റില്‍ വിവിധ മതവിശ്വാസികളെ പങ്കെടുപ്പിച്ചു നടത്തിയ സമൂഹനോമ്പ് തുറയോടനുബന്ധിച്ചു നടന്ന ഫാമിലി സംഗമത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ ചെയ്തു കൊണ്ടിരിക്കുന്ന നന്മതിന്മകളെ പുനര്‍വിചിന്തനത്തിന് വിധേയമാക്കുകയും നന്മകള്‍ക്കു ജീവിതത്തില്‍ മുന്‍തൂക്കം നല്‍കി വിജയം വരിക്കുന്നവരാകേണ്ടതിന്റെ പ്രാധാന്യത്തെപറ്റി അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു.

ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൌദിയില്‍ എത്തിയ അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ തനിമ എക്സിക്യൂട്ടീവ് മെംബര്‍ കെ.എം. ബഷീറിനു കൈമാറി. 'ടി. കെ. മാറിയിടം' എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതുന്നത്.

തുടര്‍ന്നു കെ.എം. ബഷീര്‍ റംസാന്‍ നല്‍കുന്ന സന്ദേശത്തെപ്പറ്റി വിവരിച്ചു. ചടങ്ങില്‍ തനിമ ദമാം സോണ്‍ പ്രസിഡന്റ് കെ. സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. റൌഫ് ചാവക്കാട് ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം