യുകെയില്‍ ഐഇഎല്‍ടിഎസില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം
Wednesday, June 29, 2016 6:54 AM IST
ന്യൂകാസില്‍: മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്കു പ്രതീക്ഷയേകി എന്‍എച്ച്എസ് ഇംഗ്ളീഷ് ഭാഷാ ടെസ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് അനുവദിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സിലിന്റേതാണ്. യുകെയിലേക്കു നഴ്സിംഗ് ജോലിക്ക് അപേക്ഷിക്കുന്ന നഴ്സുമാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ജൂണ്‍ 28ന് എന്‍എംസി നടപ്പാക്കി.

എന്‍എംസി രജിസ്ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്കോര്‍ ഒരു ചാന്‍സില്‍ത്തന്നെ നേടണം എന്ന നിബന്ധനയിലാണ് ഇളവു വരുത്തിയിരിക്കുന്നത്. ഓരോ കാറ്റഗറിയിലും 7 എന്ന സ്കോര്‍ ആറു മാസത്തിനുള്ളില്‍ എഴുതുന്ന രണ്ടു ചാന്‍സില്‍ നേടിയാല്‍ മതി എന്ന പരിഷ്കാരമാണു നടപ്പാക്കിയിരിക്കുന്നത്. അതേസമയം, ഈ രണ്ടു ചാന്‍സിലും ഓരോ കാറ്റഗറിക്കും 6.5 സ്കോറില്‍ കുറയാനും പാടില്ല എന്നും നിബന്ധനയില്‍ പറയുന്നു.

ഐഇഎല്‍ടിഎസ് യോഗ്യത തെളിയിക്കാനായി രണ്ടു തവണയും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഉദാഹരണത്തിന്, ഇന്നെഴുതിയ പരീക്ഷയില്‍ റീഡിംഗിന് 6.5 ലഭിക്കുകയും മറ്റെല്ലാ വിഭാഗത്തിനും ഏഴോ അതില്‍ കൂടുതലോ ലഭിച്ചു എന്നു കരുതുക. ആറുമാസത്തിനുള്ളില്‍ എഴുതുന്ന രണ്ടാമത്തെ ചാന്‍സില്‍ റീഡിംഗിന് 7 ലഭിച്ചാല്‍ ഈ രണ്ടു സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയാല്‍ മതിയാകും.

ഐഎല്‍ടിഎസില്‍ ഇളവ് ആവശ്യപ്പെട്ട് മാഞ്ചസ്ററിലെ ഏലൂര്‍ കണ്‍സള്‍ട്ടന്‍സി അടക്കമുള്ള പ്രമുഖ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ എന്‍എംസിയുടെ കണ്‍സള്‍ട്ടേഷനില്‍ നിവേദനം നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് എന്‍എംസി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡ് രജിസ്ട്രാര്‍ ജാക്കി സ്മിത്ത് പറഞ്ഞത്.

ബ്രെക്സിറ്റിന്റെകൂടി പശ്ചാത്തലത്തിലാണു നീക്കത്തിനു വേഗം കൈവന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള നഴ്സുമാര്‍ ഇപ്പോഴത്തെ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ വിടുമോ എന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എന്‍എംസിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ഇതോടെ എന്‍എച്ച്എസില്‍ മതിയായ സ്റാഫ് ഉണ്ടാകില്ലെന്ന ആശങ്കയാണു പൊതുവേ ഉയരുന്നത്. പുതിയ തീരുമാനത്തില്‍ ഏറ്റവും ഗുണമുണ്ടാകുന്ന ഒരു വിഭാഗം മലയാളികളായിരിക്കും. ഇംഗ്ളണ്ടിലേക്കു ജോലി കാത്തിരിക്കുന്നവര്‍ക്കു പുതിയ വാതായനങ്ങളാകും തുറക്കുക.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നെത്തുന്ന നഴ്സുമാരുടെ എണ്ണം എന്‍എച്ച്എസില്‍ ഇരട്ടിയോളമായിരുന്നു. ഇവര്‍ക്ക് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടി വന്നിരുന്നുമില്ല. ഇത് ആരോഗ്യമേഖലയെ തകര്‍ക്കുമെന്ന വാദം ഉയര്‍ന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. മലയാളികളെ അപേക്ഷിച്ച് ജോലിയില്‍ മികവു കുറവാണെങ്കിലും വേതനത്തിലും മറ്റും വിട്ടുവീഴ്ചയ്ക്ക് ഇവര്‍ ഒരുക്കമായിരുന്നു. സര്‍ക്കാരിന്റെ കണക്കു പ്രകാരം 110,000 ഇയു ജീവനക്കാരാണ് ബ്രിട്ടന്റെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 20,000 പേരോളം നഴ്സുമാരാണ്.

അടുത്തിടെ ഹെല്‍ത്ത്കെയര്‍ വിഭാഗത്തില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 90% ആശുപത്രികളും ജീവനക്കാരുടെ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയില്‍ ഇപ്പോള്‍ത്തന്നെ ആറില്‍ ഒരു നഴ്സു വീതം രാജ്യത്തിനു പുറത്തു പഠിച്ചവരാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ പരിഷ്കാരത്തോടെ മലയാളികള്‍ക്കു കൂടുതലായി യുകെയിലേക്ക് എത്താന്‍ കഴിയുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍