സാഹോദര്യത്തിന്റെ മാതൃകയായി ജനകീയ ഇഫ്താര്‍ സംഗമം
Tuesday, June 28, 2016 8:15 AM IST
റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റംസാന്‍ മുഴുവന്‍ ദിവസങ്ങളിലുമായി ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് നോമ്പുതുറക്കാനുള്ള സൌകര്യം ഒരുക്കി സര്‍വര്‍ക്കും മാതൃകയായിരിക്കുന്നുവെന്നു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇഫ്താറിനെത്തുന്ന മുഴുവനാളുകളെയും അതിഥികളായി സ്വീകരിച്ചിരുത്തുകയും സല്‍ക്കരിക്കുകയും ചെയ്യുന്നതിലുള്ള കൃത്യനിഷ്ഠയും സൂക്ഷ്മതയും പ്രശംസനീയമാണ്. ഇഫ്താറില്‍ പങ്കെടുക്കാനെത്തുന്ന റിയാദിലെ പൌര പ്രമുഖരെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നേതാക്കന്‍മാരെയും സെന്റര്‍ ഓഡിറ്റോറിയത്തിലും പരിസരങ്ങളിലും പ്രത്യേക സൌകര്യമൊരുക്കിയാണ് സംഘാടകര്‍ അതിഥികളായി സ്വീകരിച്ചത്.

കഠിനമായ പകല്‍ച്ചൂടില്‍ കഠിനാധ്വാനം ചെയ്യുന്ന നൂറുക്കണക്കിന് പ്രവാസികള്‍ക്ക് റിയാദിന്റെ ഹൃദയ ഭാഗത്ത് ബത്തയില്‍ ഒരുക്കിയ ഇഫ്താര്‍ പന്തല്‍ വലിയ ആശ്വാസവും സൌകര്യവുമാണ്. അക്കാരണത്താല്‍ തന്നെ ഇഫ്താറിനുവേണ്ടി മാത്രമല്ല, ആത്മീയ നിര്‍ദേശങ്ങളും വൈജ്ഞാനിക വിഭവങ്ങളും സ്വായത്തമാക്കുവാനായി വളരെ നേരത്തെതന്നെ വിശ്വാസികള്‍ കൂട്ടമായി സെന്ററില്‍ എത്തുകയും ചെയ്യുന്നു. ഈ വര്‍ഷം മൂന്നു സ്ഥലങ്ങളിലായി ആയിരത്തോളം ആളുകള്‍ക്കാണു സെന്ററിനു കീഴില്‍ നടക്കുന്ന സമൂഹ ഇഫ്താറിലും ദഅവാ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ സാധിക്കുന്നത്.

ഷാറ റയിലില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിനോടു ചേര്‍ന്നുള്ള പ്രധാന ഓഡിറ്റോറിയത്തില്‍ നാനൂറിലധികം ആളുകളാണ് ദിനം പ്രതി ഇഫ്താറിനായി എത്താറുള്ളത്. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.ഐ. ജലാല്‍, ജനറല്‍ കണ്‍വീനര്‍ ഹുസന്‍ എംഡി, വോളന്റിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് വിംഗുകളായി അസര്‍ നമസ്കാര ശേഷം ഓഡിറ്റോറിയങ്ങള്‍ ഇഫ്താറിനു വരുന്ന അഥിതികളെ സ്വീകരിക്കാനായി സജീവമാകുന്നു. അബ്ദുറഹ്്മാന്‍ മദീനി, അബ്ദുല്‍ അസീസ് കോട്ടക്കല്‍, ഫസ്ലുല്‍ ഹഖ് ബുഖാരി, ഫളുറഹ്്മാന്‍ അറക്കല്‍, ബഷീര്‍ സ്വലാഹി, നജീബ് സ്വലാഹി, സഅദുദ്ദീന്‍ സ്വലാഹി, മര്‍സൂഖ് ടി.പി., മുഹമ്മദലി കരുവാരക്കുണ്ട്, വാജിദ് ചെറുമുക്ക് എന്നിവരാണ് സെന്ററില്‍ വരുന്നവര്‍ക്ക് വേണ്ട സേവനം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍. ഇഖ്ബാല്‍ വേങ്ങര, പി.എംമുഹമ്മദ് പത്തപ്പിരിയം, നാസര്‍ ടി.കെ. മന്‍സുര്‍ സിയാംകണ്ടം, മൂസ തലപ്പാടി, സിബ്ഗത്തുല്ല, ഷരീഫ് അരീക്കോട്, ഡോ.ഉമര്‍ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും ടെന്റുകളില്‍ സജീവമായി സേവന രംഗത്ത് നിലകൊള്ളുന്നു.

ഇഫ്താറിനെത്തുന്നവര്‍ക്ക് റിയാദിലെ വിവിധ ദഅവാ സെന്ററുകളില്‍ റംസാനോടനുബന്ധിച്ചു നടത്തുന്ന വൈജ്ഞാനിക മത്സരങ്ങളുടെ കിറ്റ് സെന്ററില്‍ നിന്നും വിതരണം ചെയ്യുന്നു. ഖുര്‍ആന്‍ പഠനത്തിന് പ്രവാസികള്‍ക്കിടിയില്‍ പ്രഥമമായി തുടക്കം കുറിച്ച ലളിതമായ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ പതിനെട്ടാം ഘട്ട പാഠപുസ്തുകം എന്നിവ ധാരാളം ആളുകള്‍ വളരെ താത്പര്യത്തോടെ കൌണ്ടറില്‍നിന്നു സ്വീകരിക്കുന്നു. ഇഫ്താറിനോടനുബന്ധിച്ച് സെന്റര്‍ നടത്തുന്ന സൌജന്യ ഉംറ ട്രിപ്പുകള്‍ കുടുംബങ്ങളും അല്ലാത്തവരുമായ നൂറുക്കണക്കിന് ആളുകള്‍ക്ക് അവസരം നല്‍കി. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന വൈവിധ്യമായ പരിപാടികളെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ സെന്ററിന്റെ ഹെഡ് ഓഫീസുമായി 0114032355 ല്‍ ബന്ധപ്പെടേണ്ടതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍