വിയന്നയില്‍ പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ജീസസ് യൂത്തിന്റെ കൃതജ്ഞതാബലി ജൂലൈ രണ്ടിന്
Tuesday, June 28, 2016 5:36 AM IST
വിയന്ന: ആഗോളവ്യാപകമായി മുപ്പതിലധികം രാജ്യങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ യുവജനപ്രസ്ഥാനമായ ജീസസ് യൂത്ത് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനു നന്ദി അര്‍പ്പിക്കാനായി ലോകമെമ്പാടുമുള്ള പ്രവര്‍ത്തകരോടൊപ്പവും വിയന്നയിലെ ജീസസ് യൂത്ത് പ്രസ്ഥാനവും കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.

വിയന്നയിലെ പതിനാലാമത്തെ ജില്ലയിലെ വോള്‍ഫേര്‍സ് ബെര്‍ഗ് ദേവായാലത്തില്‍ ജൂലൈ രണ്ടിനു (ശനി) വൈകുന്നേരം ഏഴിനു നടക്കുന്ന കൃതജ്ഞതാബലിയില്‍ വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാരലി മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എളിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച് ആഗോള പ്രസ്ഥാനമായി തീര്‍ന്ന ജീസസ് യൂത്തിന് കഴിഞ്ഞ മേയ് 20നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍നിന്നു ലഭിച്ച പൊന്തിഫിക്കല്‍ പദവിയെന്ന ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

ഭാരതത്തില്‍നിന്നു പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഏക അത്മായപ്രസ്ഥാനമാണ് ജീസസ് യൂത്ത്. പ്രാര്‍ഥന, ദൈവവചനം, കൂദാശകള്‍, കൂട്ടായ്മ, പരസേവനം, പാവങ്ങളോടുള്ള പക്ഷംചേരല്‍ എന്നിങ്ങനെയുള്ള ആറ് ആത്മീയ തൂണുകളില്‍ പടുത്തയര്‍ത്തപ്പെട്ട കത്തോലിക്ക യുവജന കൂട്ടായ്മയായിട്ടാണ് ജീസസ് യൂത്ത് രൂപം കൊണ്ടത്.

യുവജനങ്ങള്‍ യുവജനങ്ങള്‍ക്കുവേണ്ടി എന്നതാണു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനരീതി. വെറുമൊരു കൂട്ടായ്മ എന്നതിലുപരി പഠിക്കുന്നിടത്തും ജോലിസ്ഥലത്തും എവിടെയായിരുന്നാലും ജീവിതസാഹചര്യങ്ങളില്‍ യുവതീയുവാക്കള്‍ സുവിശേഷമൂല്യങ്ങള്‍ പങ്കുവയ്ക്കുകയും ക്രിസ്തുസാക്ഷികളായി ജീവിക്കുകയും ചെയ്യുന്ന ക്രൈസ്തവ ജീവിത ശൈലിയാണു ജീസസ് യൂത്ത് പിന്തുടരുന്നത്.

ഈത്തരത്തിലുള്ള വലിയ യുവജനമുന്നേറ്റത്തിന്റെ സജീവസാന്നിധ്യം കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി വിയന്ന മലയാളി സമൂഹത്തില്‍ നിലവിലുണ്ട്. ജീസസ് യൂത്ത് ഇന്റര്‍നാഷണലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിയന്നയിലെ ജീസസ് യൂത്ത് രാജ്യത്തെ യുവതലമുറ മലയാളി യുവതീയുവാക്കളുടെ ആത്മീയോന്നമനത്തെ ലക്ഷ്യമാക്കി നിരവധി കര്‍മപദ്ധതികള്‍ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്.

പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു നിമിഷത്തിനു നന്ദിയേകാന്‍ മലയാളി സമൂഹത്തിലെ യുവതീയുവാക്കന്മാരേയും മാതാപിതാക്കന്മാരേയും സ്വാഗതം ചെയ്യുന്നതായി ജീസസ് യൂത്ത് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജെന്നി ജയിംസ് കയ്യാലപറമ്പില്‍ 44 741 5612219, അലീന വെള്ളാപ്പള്ളില്‍ 43 676 9250008, ജിതിന്‍ ഞൊണ്ടിമാക്കല്‍ 43 6991 914 7579, മെറിന്‍ ആരതില്‍ 43 699 928 9702, ഫാ. ഷൈജു പള്ളിച്ചാംകുടിയില്‍ 43 664 8898 1156.

റിപ്പോര്‍ട്ട്: ജോബി ആന്റണി