'വ്രതശുദ്ധിയില്‍ നേടിയ സഹനവും ക്ഷമയും കാത്തു സൂക്ഷിക്കുക'
Tuesday, June 28, 2016 5:35 AM IST
ദമാം: ലോക സൃഷ്ടാവായ അള്ളാഹുവിലുള്ള വിശ്വാസം അടിയുറച്ച് പരിശുദ്ധ വ്രതമാസത്തില്‍ നേടിയ സഹനവും ക്ഷമയും കാത്തു സൂക്ഷിക്കണമെന്നു ഐസിസി ഡയറക്ടറും ദമാം യൂണിവേഴ്സിറ്റി ഹ്യുമാനിറ്റീസ് വിഭാഗം ഡീനുമായ ഡോ. അബ്ദുല്‍ വാഹിദ് അല്‍മസ്റൂയി ഉപദേശിച്ചു. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ ഇസ്ലാഹി സെന്ററുമായി സഹകരിച്ചു ഇഫ്താര്‍ ടെന്റില്‍ സംഘടിപ്പിച്ച നിശാ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പകല്‍ നേരങ്ങളിലെ ഉപവാസവും രാത്രിയുള്ള ഉപാസനകളും മനസിനേയും ശരീരത്തെയും എല്ലാവിധ മ്ളേഛതകളില്‍നിന്നു വിമുക്തമാക്കാനും ഉദാരമായ ദാനധര്‍മങ്ങളിലൂടെ അവശതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും പവിത്രമാസത്തിന്റെ വരും ദിനങ്ങള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഭൌതീകതയുടെ ആര്‍ഭാടങ്ങളില്‍നിന്നു ശാന്തിയും സമാധാനവും വിളംബരം ചെയ്യുന്ന ഇസ്ലാമിന്റെ സുന്ദരമായതും ലളിതമായതുമായ പാതയെ മുറുകെ പിടിക്കണമെന്നു ചടങ്ങില്‍ 'നാളെയുടെ രക്ഷയ്ക്ക്' എന്ന വിഷയത്തില്‍ സംസാരിച്ച പ്രമുഖ വാഗ്മിയും ചുങ്കത്തറ നജാത്തുല്‍ അനാം അറബി കോളജ് ഡയറക്ടറുമായ മൌലവി സുഹൈര്‍ ചുങ്കത്തറ ഉപദേശിച്ചു.

ഐസിസി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനി ചടങ്ങില്‍ 'ചരിത്രം നല്‍കുന്ന പാഠങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിച്ചു. ദമാം ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ കൈതയില്‍ ഇമ്പിച്ചിക്കോയ, അബ്ദുല്‍ ഗഫൂര്‍ കാലിക്കട്ട്, മുഹ്സിന്‍ ഒളവണ്ണ, അബ്ദുല്‍ അസീസ് വെളിയങ്കോട്, മുജീബ് പൂന്തുറ, അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി, ഉസ്മാന്‍ കൊടുവള്ളി, നാസര്‍ കരൂപടന്ന, മന്‍സൂര്‍ കോട്ടക്കല്‍,ഷിയാസ് പരപ്പനങ്ങാടി, സിറാജ് ആലുവ, സുധീര്‍ മണ്ണാര്‍ക്കാട്, ഹമീദ് മണ്ണാര്‍ക്കാട്, ഹുസൈന്‍ കോയ തങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം