ചാരവൃത്തി: വനിതയ്ക്ക് അബുദാബിയില്‍ 10 വര്‍ഷം തടവ്
Tuesday, June 28, 2016 4:52 AM IST
അബുദാബി: ലെബനനിലെ സംഘടനയായ ഹിസ്ബുള്ളയ്ക്കു വേണ്്ടി ചാരപ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവെന്ന കുറ്റത്തിനു യുഎഇ കോടതി 48-കാരിയായ വനിതയെ 10 വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചു. ടിവി അവതാരകനുമാണു ഇവരുടെ ഭര്‍ത്താവ്. ഈ ബന്ധവും മറ്റ് ഉന്നത ബന്ധങ്ങളും ഉപയോഗിച്ചു രാജ്യത്തെ മുതിര്‍ന്ന നേതാക്കള്‍, ഉന്നത തലത്തില്‍ രാഷ്ട്രീയ-സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന രീതി എന്നിവയെ സംബന്ധിക്കുന്ന നിരവധി വിവരങ്ങള്‍ ഹിസ്ബുള്ളയ്ക്ക് നല്‍കി എന്നാണു കുറ്റം. അബുദാബിയില്‍ നടക്കുന്ന വിഐപി കൂടിക്കാഴ്ചകളുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി.

ലെബനനിലേക്ക് ഇടയ്ക്കിടെ നടത്തിയ യാത്രകള്‍ക്കിടയിലാണു ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് വിഭാഗത്തിനു വിവരങ്ങള്‍ കൊടുത്തതെന്നു സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി. ദശലക്ഷക്കണക്കിനു ഡോളര്‍ വിമാനത്താവളം വഴി ഇവര്‍ കടത്തിയെന്നും സ്പെഷ്യല്‍ പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്നതിനാല്‍ പരിശോധനകളില്‍ നിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും സാക്ഷിമൊഴിയുണ്്ട്.

എന്നാല്‍, ഭാര്യയുടെ പ്രവര്‍ത്തികളെക്കുറിച്ചു അറിവില്ലായിരുന്നുവെന്ന് ഭര്‍ത്താവ് കോടതിയില്‍ മൊഴി നല്‍കി. ലെബനനിലെ സ്വന്തം ഗ്രാമത്തിലെ ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കും അവിടുത്തെ ദരിദ്രര്‍ക്കു സാമ്പത്തിക സഹായങ്ങള്‍ നല്കാനുമാണു തന്റെ ഭാര്യ പോയതെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.