യുഎഇ റോഡുകളില്‍ ട്രാഫിക് ടോളുകള്‍ സ്ഥാപിച്ചേക്കും
Tuesday, June 28, 2016 4:41 AM IST
ദുബായ്: തിരക്കുമൂലം ശ്വാസം മുട്ടുന്ന യുഎഇയിലെ റോഡുകളില്‍ ട്രാഫിക് ടോള്‍ സ്കീം നടപ്പാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ലാന്‍ഡ് ആന്‍ഡ് മാരിടൈം ട്രാന്‍സ്പോര്‍ട്ട് ഈ വിഷയത്തില്‍ നടത്തിയ ശില്പശാലയില്‍ തദ്ദേശ ഭരണ വകുപ്പുകളില്‍ നിന്നു 34 നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.

ട്രാഫിക് നിയന്ത്രിക്കാനായി താരിഫ് ടോളുകള്‍ സ്ഥാപിക്കുന്നതു യുഎഇയില്‍ പുതിയ സംഭവമല്ല. 2008ല്‍ സാലിക് ഗേറ്റുകള്‍ സ്ഥാപിക്കുകയും പിന്നീട് അവ ആറു പ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ ബോര്‍ഡ് സ്ഥാപിക്കുക, നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ഭേദഗതി ചെയ്യുക എന്നിവയാണു മറ്റു നിര്‍ദേശങ്ങള്‍.

ഇവിടുത്തെ കനത്ത ഗതാഗതക്കുരുക്കു മൂലം സമയവും പണവും ഒരേപോലെ നഷ്ടപ്പെടുന്നുണ്്ടെന്നാണു കണക്കുകള്‍. 2013ല്‍ ഓരോ കിലോമീറ്ററിനും 771,147.388 ദിര്‍ഹം എന്ന നിരക്കില്‍ ദുബായ് സാമ്പത്തിക രംഗത്തിനു നഷ്ടമുണ്്ടായി എന്നാണ് കണക്ക്. നഷ്ടപ്പെട്ട പ്രവര്‍ത്തിമണിക്കൂറുകള്‍, സമയം, ഇന്ധനം എന്നിവ കണക്കാക്കുമ്പോള്‍ ദുബായിയുടെ സാമ്പത്തികരംഗത്തിനു 2.9 ബില്യണ്‍ ദിര്‍ഹം നഷ്ടം വന്നതായും കണക്കുകള്‍ പറയുന്നു.