കാവാലത്തിനു ഓര്‍മ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
Monday, June 27, 2016 4:55 AM IST
ഫിലഡല്‍ഫിയ: മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ ഫോക്ലോര്‍ ശ്രുതികള്‍ നിറച്ച കാവാലം നാരായണപ്പണിക്കരുടെ വേര്‍പാടില്‍ ഓവര്‍സീസ് റെസിഡന്റ് മലയാളി അസോസിയേഷന്‍ (ഓര്‍മ) ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വയല്‍ക്കൃഷിയുടെയും പുഴയൊഴുക്കിന്റെയും വനകമ്പനങ്ങളുടെയും അലകളുള്ള മിത്തെടുത്ത് പുതുക്കി വിതച്ച് അതുവരെ അറിയാതിരുന്ന ഭാവുകത്വവിളകള്‍ കൊയ്യുന്ന താള വിദ്യയുടെ ഉപാസകനായ വേറിട്ട കവിത്വമാണു കാവാലം.

അനന്യപദങ്ങള്‍കൊണ്ട് സിനിമാഗാനശാഖയേയും, നാടന്‍ പ്രാക്തന സ്മൃതി ഭാവങ്ങള്‍കൊണ്ട് നാടകത്തെയും തനതുശൈലിയിലൂടെ ഹൃദയഹാരിയാക്കിയ കാവാലം നാരായണപ്പണിക്കരുടെ വിയോഗം ഇനി അത്തരമൊരു പ്രതിഭയെ കണ്െടത്തുക ദുഷ്കരമെന്ന നിലയിലേക്ക് കാലത്തെ വഴിമുട്ടിച്ചിരിക്കുന്നു എന്ന് ഓവര്‍സീസ് റെസിഡന്റ് മലയാളി അസ്സോസിയേഷന്‍ അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി. ആഗോള മലയാളചരിത്രത്തില്‍ കാവാലത്തിന്റെ സ്ഥാനം കേരളത്തില്‍ കുട്ടനാടിനുള്ളതുപോലെ അനുപമമായിരിക്കും.

ഓര്‍മ ഗ്ളോബല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, സെക്രട്ടറിമാരായ മാത്യു തരകന്‍, ക്രിസ്റി ജെറാള്‍ഡ്, എക്സിക്യൂട്ടീവ് മെംബര്‍മാരായ വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ് അമ്പാട്ട്, ഡോമിനിക് പി ജേക്കബ്, ട്രസ്റി ബോര്‍ഡ് അംഗം ആലീസ് ജോസ്, ജോയിന്റ് സെക്രട്ടറി ടെസി മാത്യു, ജോയിന്റ് ട്രഷറാര്‍ മാത്യു ജോസഫ് എന്നിവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍