ഇന്ത്യ യുഎഇ ബന്ധം: മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വം ഏറുന്നു -ടി.പി. സീതാറാം
Sunday, June 26, 2016 2:57 AM IST
അബുദാബി: ഇന്ത്യ യുഎഇ ബന്ധങ്ങള്‍ വിപുലവും, ദൃഢവും, വൈവിധ്യപൂര്‍ണവും ,ആഴമേറിയതുമാകുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്വവും വര്‍ദ്ധിക്കുകയാണെന്നു ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം അഭിപ്രായപ്പെട്ടു .

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ യുഎഇ തല ബന്ധങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആലോചിക്കുകയാണ്. ജൂണ്‍ 28നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥാനപതിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. അടുത്ത മാസം പ്രവാസികളുടെ വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നിരവധിപേരെ ഇതിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ ഗുണപരമായ തീരുമാനങ്ങള്‍ ഉരുത്തിരിയുന്നതിനു മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നു സ്ഥാനപതി നിര്‍ദ്ദേശിച്ചു.

ഇന്ത്യ യുഎഇ തല ബന്ധങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന തലങ്ങളിലാണ് ഇപ്പോള്‍ പുരോഗമിച്ചുവരുന്നത്. അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ പങ്കെടുത്തു യുഎഇ ടോളറന്‍സ് മന്ത്രി ഷൈഖാ ലുബ്ന അല്‍ ഖാസ്മി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ഇന്ത്യക്കാരുടെ അഭിമാനം ഉയര്‍ത്തുന്നതാണ്. യോഗയെ അംഗീകരിച്ചുകൊണ്ടു മന്ത്രി പറഞ്ഞത് ഇന്ത്യന്‍ സമൂഹത്തിന്റെ ഇത്തരം മാതൃകകളെ അനുകരിക്കാനല്ല, യുഎഇയിലെ പൊതുസമൂഹത്തിന്റെ ജീവിത രീതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ്.

ഇന്ത്യ യുഎഇ തല ബന്ധങ്ങളുടെ സാക്ഷ്യപത്രങ്ങളായ നിരവധി മാറ്റങ്ങള്‍ക്കു ഏതാനം നാളുകള്‍ക്കകം ഇന്ത്യന്‍ സമൂഹം സാക്ഷികളാകുമെന്നും സ്ഥാനപതി സൂചിപ്പിച്ചു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരമാവധി സുതാര്യമായി നടത്താനാണു ശ്രമിച്ചിട്ടുള്ളതെന്നു പറഞ്ഞ സ്ഥാനപതി അടുത്ത കാലത്തുണ്ടായ കേന്ദ്ര മന്ത്രിമാരുടെ സന്ദര്‍ശനങ്ങളിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കാന്‍ സാധിക്കാതിരുന്നതിന്റെ കാരണങ്ങളും വിശദമാക്കി. ഇന്ത്യയിലെ രാഷ്ട്രീയ സംസ്കാരത്തില്‍ സംഭവിച്ച മാറ്റങ്ങളും, ആതിഥേയ രാഷ്ട്രത്തിന്റെ താത്പര്യങ്ങളും ഇതില്‍ കാരണമായിട്ടുണ്ട്.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല, ട്രഷറര്‍ സമീര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു. മീഡിയ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്നു നടത്തിയ ഇഫ്താര്‍ വിരുന്നില്‍ സ്ഥാനപതി ടി.പി സീതാറാമും, പത്നി ദീപ സീതാറാമും മുഖ്യാത്ഥികളായി പങ്കെടുത്തു.