ടോറികള്‍ യൂറോപ്പിനെ ബന്ദിയാക്കി: ഷൂള്‍സ്
Saturday, June 25, 2016 8:56 AM IST
ബ്രസല്‍സ്: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോകണമായിരുന്നുവെങ്കില്‍ അതിനുള്ള തീരുമാനം കുറേക്കൂടി വേഗത്തില്‍ സ്വീകരിക്കണമായിരുന്നു എന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷൂള്‍സ്. തീരുമാനം ഇത്രയധികം നീട്ടുക വഴി ബ്രിട്ടനിലെ ടോറി പാര്‍ട്ടി യൂറോപ്പിനെയാകെ ബന്ദികളാക്കുകയാണു ചെയ്തതെന്നും ഷൂള്‍സ്.

അതേസമയം, ഭ്രാന്തമായ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ പാടില്ലെന്നാണ് യൂറോപ്യന്‍ കൌണ്‍സില്‍ നേതാവ് ഡോണള്‍ഡ് ടസ്ക് അഭിപ്രായപ്പെട്ടത്.

യൂറോപ്യന്‍ യൂണിയനെ ബുദ്ധിമുട്ടിലാക്കിയ തീരുമാനമാണ് ബ്രിട്ടീഷ് ജനതയുടേതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്. യുകെയുടെ തീരുമാനം ഖേദകരമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

യൂറോപ്പില്‍ ആകമാനമുള്ള ദിനപത്രങ്ങള്‍ ഹിതപരിശോധനാ ഫലത്തോട് ഞെട്ടലോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍