ജിദ്ദ നവോദയ പി.വി. അന്‍വറിനു സ്വീകരണം നല്‍കി
Saturday, June 25, 2016 8:51 AM IST
ജിദ്ദ: പതിനാറ്റാണ്ടുകളായി നിലനിന്നിരുന്ന നിലമ്പൂരിന്റെ കുടുംബവാഴ്ചക്ക് അറുതി വരുത്തി തിളക്കമാര്‍ന്ന വിജയം കൈവരിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന് ജിദ്ദ നവോദയ സ്വീകരണം നല്‍കി.

ഇന്ത്യയുടെ മതേതരത്വത്തിന് വെല്ലുവിളിയായ വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ഇടതു പക്ഷത്തിനു മാത്രമെ കഴിയൂ എന്നും അതില്‍ കേരളത്തിന്റെ ചെറുത്ത് നില്‍പ്പ് എടുത്തു പറയേണ്ടതാണെന്നും എംഎല്‍എ സൂചിപ്പിച്ചു. പ്രത്യേകിച്ച് കേരളത്തിലെ ഹിന്ദു സമൂഹം മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി മതേതരത്വത്തിന്റെ കാവല്‍ പോരാളികളാണെന്നും പി.വി. അന്‍വര്‍ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ ഇന്ന് അനുഭവിക്കുന്ന അവഗണനക്ക് പ്രവാസികളാണ് ഉത്തരവാദികള്‍ എന്നും അതിനു കാരണം പ്രവാസികളുടെ അസംഘടിതമായ അവസ്ഥ ആണെന്നും അവരുടെ ക്ഷമയും ത്യാഗ മനോഭാവവും അധികാരികള്‍ മുതലാക്കുകയാണെന്നും ഉംറ നിര്‍വഹിക്കാനെത്തിയ പി.വി. അന്‍വര്‍ അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമാണ് ജനങ്ങള്‍ നല്‍കിയിട്ടുള്ളതെന്നും കഴിഞ്ഞ ഒരു മാസത്തെ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത നവോദയ മുഖ്യരക്ഷാധികാരി റൌഫ് സൂചിപ്പിച്ചു.

സി.എം.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ശ്രീകുമാര്‍ മാവേലിക്കര, അബ്ദുറഹിമാന്‍ വണ്ടൂര്‍, നവോദയ, ന്യൂ ഏജ് പ്രതിനിധി പി.പി.റഹീം, സമീക്ഷ സാഹിത്യ വേദി ചെയര്‍മാന്‍ ഗോപി നടുങ്ങാടി, മൈത്രി പ്രതിനിധി വില്‍സണ്‍, നവോദയ കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു, എംഎല്‍എയുടെ സഹോദരന്‍ അഷ്റഫ്, സാമുഹിക പ്രവര്‍ത്തകന്‍ ഹക്ക് തിരൂരങ്ങാടി, അല്‍റയാന്‍ പോളിക്ളിനിക്ക് ഡയറക്ടര്‍ മുഹമ്മദലി, ഒഐസിസി പ്രതിനിധി അബ്ബാസ് ചെമ്പന്‍, ഹര്‍ഷാദ് ഫറോക്ക് എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍