ഐഡിസി റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു
Saturday, June 25, 2016 8:50 AM IST
ജിദ്ദ: ജിദ്ദയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ഇസ്ലാമിക് ദഅവ കൌണ്‍സില്‍ (ഐഡിസി ജിദ്ദ) റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഏകദേശം 20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ മുടക്കു വരുന്ന, ഒരു തൊഴിലാളിക്ക് ഒരു മാസത്തോളം കഴിയാന്‍ സാധിക്കുന്ന ഭക്ഷ്യ വസ്തുക്കളാണു നല്‍കിയത്.

സനായ, സുലൈമാനിയ എന്നിവിടങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍ മാസങ്ങളായി ശമ്പളം ലഭിക്കാത്തവരും ജോലി നഷ്ടപ്പെട്ടവരും കടക്കെണിയില്‍ അകപ്പെട്ടവരുമായ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ്, യമന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഐഡിസിയുടെ ഈ സഹായം വലിയ ആശ്വാസമായിരിക്കുകയാണ്.

ജിദ്ദയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിരവധി തൊഴിലാളികള്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്െടന്നും ജിദ്ദയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ അവരുടെ ശ്രദ്ധ ഈ മേഖലകളിലേക്ക് തിരിക്കണമെന്നും റിലീഫ് വിതരണത്തിനു നേതൃത്വം നല്‍കിയ ഐഡിസി അമീര്‍ ഹുസൈന്‍ ബാഖവി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച കേരളത്തില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഐഡിസി റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍