ഗ്രോ മിനിസ്ട്രീസിന്റെ ആദ്യ വനിതാ ക്യാമ്പ് വിജയമായി
Saturday, June 25, 2016 8:49 AM IST
ഫിലഡല്‍ഫിയ: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ യംഗ് വിമന്‍സ് മിനിസ്ട്രി ആയ ഗ്രോ (ഏഛഉ ഞഋചഋണകചഏ ഛഞഠഒഛഉഛത ണഛങഋച) യുടെ നേതൃത്വത്തില്‍, വനിതകള്‍ക്കുവേണ്ടിയുള്ള ആദ്യ ക്യാമ്പ് ജൂണ്‍ 17,18, 19 തീയതികളില്‍ ഫിലഡല്‍ഫിയ ഫീനിക്സ്വില്‍, വാലിഫോര്‍ജിലെ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്നു. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, ഡിസി, വിര്‍ജീനിയ, ബോസ്റണ്‍, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നുള്ള വനിതകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പ് ആവശ്യങ്ങള്‍ക്കും ക്യാമ്പിനുശേഷവും പ്രയോജനപ്പെടുത്താവുന്ന സാധനങ്ങള്‍ നിറച്ച ഗ്രോ ബാഗ് നല്‍കിയാണ് പങ്കെടുക്കാനെത്തിയവരെ കമ്മിറ്റിയംഗങ്ങള്‍ സ്വീകരിച്ചത്. പങ്കെടുത്ത ഓരോ അംഗത്തിനും തങ്ങളുടെ ആത്മിയ സൌന്ദര്യത്തിന്റെ പ്രതീകമെന്നോണം ഓരോ പൂക്കള്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ക്യാമ്പിന് തുടക്കം. മിനിസ്ട്രീസ് സെക്രട്ടറി പിന്‍സി ജേക്കബ് സ്വാഗതപ്രസംഗം നടത്തി. ഭദ്രാസനമെത്രാപ്പോലിത്ത സഖറിയ മാര്‍ നിക്കോളോവോസ് അധ്യക്ഷപ്രസംഗം നടത്തി. മുഖ്യപ്രാസംഗിക എലിസബത്ത് ജോയി (ഇംഗ്ളണ്ട്) ആമുഖവിവരണം നല്‍കി. തുടര്‍ന്നു ചിന്താവിഷയവുമായി ബന്ധപ്പെട്ട വളരെ ചിന്തോദീപകമായൊരു ഗാനം ആലപിക്കപ്പെട്ടു. സന്ധ്യാ പ്രാര്‍ഥനയോടെ ഓപ്പണിംഗ് സെറിമണികള്‍ സമാപിച്ചു. തുടര്‍ന്നു അംഗങ്ങള്‍ ബോണ്‍ഫയര്‍ ആസ്വദിച്ചു. ജിജി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം ആരാധനാഗാനങ്ങള്‍ ആലപിച്ചു. ദൈവകരുണയില്‍ ആശ്രയിച്ച് ക്യാമ്പിലെ വരുംദിനങ്ങള്‍ക്കായി തയാറെടുക്കാന്‍ പ്രാര്‍ഥനകള്‍ നടന്നു. വളരെ സ്വാഗതാര്‍ഹവും ഉന്മേഷം നിറഞ്ഞതുമായ അന്തരീക്ഷം ക്യാമ്പിന് സജീവത പകര്‍ന്നു.

അടുത്തദിനം തുടങ്ങിയത് പാതിരാപ്രാര്‍ഥനകളോടെയാണ്. പ്രഭാത പ്രാര്‍ഥന പുറത്ത് വൃക്ഷത്തണലില്‍ നടന്നു. തുടര്‍ന്നു സങ്കീര്‍ത്തനങ്ങള്‍ ആലപിക്കപ്പെട്ടു. സഖറിയ മാര്‍ നിക്കോളോവോസ് സന്ദേശം നല്‍കി. നമുക്ക് ചുറ്റിനുമുള്ളവരുടെ ജീവിതങ്ങളെ മനോഹരമാക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നതെങ്ങനെയെന്നു മെത്രാപ്പൊലിത്ത വിശദീകരിച്ചു. ഇതു നമ്മുടെ ഉത്തരവാദിത്തമാണെന്നു മറക്കരുതെന്നും മാര്‍ നിക്കോളോവോസ് കൂട്ടിച്ചേര്‍ത്തു.

എലിസബത്ത് ജോയി മുഖ്യസന്ദേശത്തോടെ പരിപാടികള്‍ തുടര്‍ന്നു. ഒന്നുമില്ലായ്മയുടെ അനുഭവത്തില്‍ നിന്ന് ആത്മിയസൌന്ദര്യത്തിന്റെ തലത്തിലേക്ക് നമുക്ക് എങ്ങനെ കടന്നുപോകാമെന്നു എലിസബത്ത് വിശദീകരിച്ചു.

തുടര്‍ന്നു വ്യത്യസ്തങ്ങളായ ചോദ്യങ്ങളുടെ ഉത്തരം തേടി പങ്കെടുത്തവരെല്ലാം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു. ഓര്‍ത്തഡോക്സ് വനിതകള്‍ക്ക് മറ്റുള്ളവര്‍ക്ക് എങ്ങനെ സേവനം ചെയ്യാനാകും, ഉത്കണ്ഠയും ഭയവും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളെ എങ്ങനെ മറികടക്കും ഓര്‍ത്തഡോക്സ് വിശ്വാസവും ആധ്യാത്മികതയുമനുസരിച്ചുള്ള സൌന്ദര്യത്തിന്റെ വക്താക്കളാകുന്നതെങ്ങനെ, വെല്ലുവിളികളിലൂടെ കടന്നു പോകുന്ന വനിതകളുടെ സഹായത്തിനായി ഗ്രോ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയ ചോദ്യങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു. ഗ്രൂപ്പ് ചര്‍ച്ചകളുടെ സമയം വളരെ പ്രയോജനപ്രദമായി, പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത വനിതകള്‍ ദൈവത്തെകുറിച്ച് കൂടുതല്‍ അറിഞ്ഞു.

ഫാ. അജു ഫിലിപ്പ് മാത്യൂസ് 'ഓര്‍ത്തഡോക്സി 101' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ വര്‍ക്ഷോപ്പും പ്രാര്‍ഥനയെ എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്ന വിഷയത്തില്‍ ഓര്‍ത്തഡോക്സ് തിയോളജി നിപുണയായ സീന മാത്യു നടത്തിയ വര്‍ക് ഷോപ്പും വിജ്ഞാനപ്രദമായി. വിശുദ്ധ ബൈബിളിന്റെയും സഭാ പിതാക്കന്മാരുടെയും പഠനോപദേശങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍ത്തഡോക്സ് വിശ്വാസത്തിന്റെ സവിശേഷതകളെ ഓര്‍ത്തഡോക്സി 101 വിശകലനം ചെയ്തു. മറ്റു വിഭാഗങ്ങളില്‍ നിന്ന് നമ്മള്‍ എന്തുകൊണ്ട് വേറിട്ടു നില്‍ക്കുന്നു. നമ്മുടെ പാരമ്പര്യം എവിടെ നിന്നു കടന്നുവരുന്നു തുടങ്ങിയ ചോദ്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.

നമ്മുടേതായ വിശ്വാസജീവിതത്തില്‍ തുടരണമെങ്കില്‍ നമ്മുടെ വിശ്വാസത്തെ ശരിയായി അറിഞ്ഞേ പറ്റൂ എന്നു ഫാ. അജു ഊന്നിപ്പറഞ്ഞു. എന്താണ് പ്രാര്‍ഥനയെന്നും ദൈനംദിന ജീവിതത്തില്‍ ക്രിസ്തുവിനെ യഥാര്‍ഥത്തില്‍ എങ്ങനെ യാഥാര്‍ഥ്യമാക്കി അനുഭവിപ്പിക്കാം എന്നും പ്രാര്‍ഥനയെ എങ്ങനെ യാഥാര്‍ഥ്യമാക്കാം എന്നും വര്‍ക്ഷോപ്പില്‍ വിശദീകരിക്കപ്പെട്ടു. ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ബോധ്യമാണ് പ്രാര്‍ഥനയെന്ന് നിര്‍വചിച്ച സീന, നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രായോഗികമായ ഉദാഹരണങ്ങളിലൂടെ എങ്ങനെ ക്രിസ്തുവില്‍ ജീവിക്കാം എന്നു പങ്കുവച്ചു.

തുടര്‍ന്നു വിവിധ പരിപാടികള്‍ക്കും മധ്യാഹ്നപ്രാര്‍ഥനയ്ക്കും ഫോട്ടോ സെഷനും ശേഷം ഭക്ഷണം. ഉച്ചതിരിഞ്ഞ് നടന്ന ട്രെയില്‍ വാക്ക,് സ്കാവന്‍ജര്‍ ഹണ്ട് വിനോദത്തിനൊപ്പം സുവിശേഷ ജീവിതത്തിലേക്കുള്ള പ്രതീകാത്മകമായ എത്തിനോട്ടവുമായി. ചര്‍ച്ചകളും ചോദ്യങ്ങളും നിര്‍ദേശങ്ങളുമായി നടന്ന ഓപ്പണ്‍ ഫോറത്തിന് സഖറിയ മാര്‍ നിക്കോളോവോസ്, എലിസബത്ത് ജോയി, ഫാ. എം.കെ. കുറിയാക്കോസ്, സീനാ മാത്യു എന്നിവരുടെ പാനല്‍ നേതൃത്വം നല്‍കി.

വൈകുന്നേരം നടന്ന ബാങ്ക്വറ്റ് ഡിന്നര്‍ പങ്കെടുത്തവര്‍ക്ക് ഹൃദ്യമായ അനുഭവമായി.

ഭദ്രാസനത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നോമിനേറ്റിംഗ് കമ്മിറ്റി നിര്‍ദേശിച്ച നിരവധി വനിതകളെ അവാര്‍ഡു നല്‍കി ആദരിച്ചു. നമ്മുടെ ഇടവകകളിലും സമുദായത്തിലും സ്ത്രീകള്‍ ചെയ്യുന്ന സേവനങ്ങളെ അംഗീകരിക്കുകയായിരുന്നു അവാര്‍ഡ് ദാനത്തിന്റെ ലക്ഷ്യം.

ഡോ. അമ്മുക്കുട്ടി പൌലോസ്, മേരി എണ്ണച്ചേരില്‍, സുനിത സഖറിയ, നിര്‍മല തോമസ്, സാറാ തോമസ്, അനു വര്‍ഗീസ് എന്നിവര്‍ അവാര്‍ഡിനര്‍ഹരായി. ഈ വര്‍ഷത്തെ രണ്ട് പ്രധാന സംഭവങ്ങളെ ഏകോപിപ്പിച്ച് വിജയമാക്കിയ ഗ്രോ കമ്മിറ്റി അംഗങ്ങളും ആദരിക്കപ്പെട്ടു. സ്നേഹമയിയായി, വഴികാട്ടിയായി ശോഭിക്കുന്ന മാര്‍ നിക്കോളോവോസ്, മികച്ച സേവനങ്ങളുമായി ശുശ്രൂഷകള്‍ നിര്‍വഹിക്കുന്ന ഫാ. കുറിയാക്കോസ് ക്യാമ്പിലുടനീളം സഹായിയായി നിന്ന ഡീക്കണ്‍ അലക്സ് ഏബ്രഹാം, മികച്ച പ്രസംഗം നടത്തിയ എലിസബത്ത് ജോയി, വര്‍ക്ഷോപ്പുകളിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച അജു അച്ചന്‍, സീന മാത്യു എന്നിവരും ആദരിക്കപ്പെട്ടു. സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്നു കുമ്പസാരവും കൌണ്‍സിലിംഗും നടന്നു.

സമാപനദിനത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ക്യാമ്പ് അവസാനിച്ചു. ക്യാമ്പിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും അവസരമുണ്ടായിരുന്നു. ഇടവകകളിലും സഭയിലും പ്രധാന പങ്ക് വഹിച്ച് മിനിസ്ട്രിയെ സേവിക്കാന്‍ മെത്രാപ്പോലീത്ത വനിതകളെ ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍