കാതോലിക്കാനിധി ശേഖരണം; പൌലോസ് ദ്വിതിയന്‍ കാതോലിക്കാബാവാ ജൂണ്‍ 29ന് ഷിക്കാഗോയില്‍
Saturday, June 25, 2016 8:49 AM IST
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ ജൂണ്‍ 29നു ഷിക്കാഗോയില്‍.

1979 ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കാതോലിക്ക നിധി ശേഖരണമായി ബന്ധപ്പെട്ട് കാതോലിക്കാ ബാവാ മൂന്നാം തവണയാണ് നേരിട്ട് എഴുന്നളളുന്നത്. സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുളള ഈ വര്‍ഷത്തെ കാതോലിക്കാ നിധി ശേഖരണം ജൂലൈ രണ്ടിനു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പളളിയില്‍ ചേരുന്ന സമ്മേളനത്തില്‍ സൌത്ത് വെസ്റ് ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുളള വൈദികരും മനേജിംഗ് കമ്മിറ്റി അംഗങ്ങളും ഷിക്കാഗോയിലെ വിശ്വാസികളും ചേര്‍ന്ന് പരിശുദ്ധ കാതോലിക്ക ബാവായും പ്രതിനിധികള്‍ക്കും ഭദ്രാസന സെക്രട്ടറി റവ. ഡോ. ജോയി പൈങ്ങോലില്‍ ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, അരമന മനേജര്‍ ഫാ. വര്‍ഗീസ് തോമസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരണം നല്‍കും.

തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ അലക്സിയോസ് മാര്‍ യൌസേബിയോസ് അധ്യക്ഷത വഹിക്കും. എല്ലാ ഇടവക പളളികളില്‍ നിന്നും മുളള ചുമതലക്കാര്‍ തങ്ങളുടെ കത്തോലിക്ക നിധി ശേഖരണം പരിശുദ്ധ ബാവായ്ക്കു കൈമാറും.

യോഗത്തില്‍ പരിശുദ്ധ സുനഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍ ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റി, എം.ജി. ജോര്‍ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ഭദ്രാസന പിആര്‍ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി