ബ്രെക്സിറ്റ് യാഥാര്‍ഥ്യമായി: യൂറോപ്പിന്റെ കറുത്ത ദിനമെന്നു മെര്‍ക്കല്‍
Friday, June 24, 2016 8:21 AM IST
ലണ്ടന്‍: ബ്രെക്സിറ്റ് യാഥാര്‍ഥ്യമായത് യൂറോപ്പിന്റെ കറുത്ത ദിനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഇതിലൂടെ യൂറോപ്പിന്റെ ഐക്യത്തില്‍ കത്തിവച്ചു മുറിച്ചുവെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. അങ്ങനെ സംഭവിച്ചതില്‍ അതിയായി ദുഃഖിക്കുന്നു. വോട്ടെടുപ്പില്‍ അനുകൂലമായി വിധിയെഴുതിയ സമ്മതിദായകരോട് സഹതപിക്കുന്നു. ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

അടുത്ത തിങ്കളാഴ്ച യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്, ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി റെന്‍സി എന്നിവര്‍ ബെര്‍ലിനില്‍ അടിയന്തരമായി ചേരാനിരിക്കെയാണ് മെര്‍ക്കലിന്റെ പത്രസമ്മേളനം.

43 വര്‍ഷത്തെ ബന്ധം പിരിയുന്നു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി യുകെ തുടരില്ല. ബ്രിട്ടീഷ് ജനത അങ്ങനെ വിധിയെഴുതി. യൂണിയനില്‍ തുടരേണ്ടെന്ന നിര്‍ദേശത്തോടു യോജിച്ചത് 52 ശതമാനം പേര്‍. തുടരണമെന്നു അഭിപ്രായപ്പെട്ടത് 48 ശതമാനവും.

ലണ്ടനിലും സ്കോട്ട്ലന്‍ഡിലുമുള്ള വോട്ടര്‍മാര്‍ യൂണിയനില്‍ തുടരണമെന്നു ശക്തമായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, വടക്കന്‍ മേഖല പുറത്തേക്കെന്ന വാദത്തില്‍ ഉറച്ചു നിന്നു.

യുകെയുടെ സ്വാതന്ത്യ്ര ദിനമാണിതെന്ന് യുകെഐപി നേതാവ് നിഗല്‍ ഫാരാജിന്റെ പ്രതികരണം. ഹിതപരിശോധന ഫലം വന്നതോടെ 1985നു ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് പൌണ്ട് എത്തിച്ചേര്‍ന്നു കഴിഞ്ഞു. ഓഹരി വിപണികളിലും കനത്ത ഇടിവ്.

വോട്ടവകാശമുള്ളവരില്‍ 71.8 ശതമാനം പേരാണ് ഹിത പരിശോധനയില്‍ മനസ് അറിയിച്ചത്. മൂന്നു കോടിയിലേറെ ആളുകള്‍ വോട്ട് ചെയ്തു. യുകെയില്‍ നടക്കുന്ന ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പില്‍ ഇത്രയധികം പേര്‍ വോട്ടു ചെയ്യുന്നത് 1992നു ശേഷം ഇതാദ്യം.

വെയില്‍സും ലണ്ടനു പുറത്തുള്ള ഇംഗ്ളണ്ടിന്റെ ഭാഗങ്ങളും യൂണിയന്‍ വിടണമെന്ന ആവശ്യത്തോടാണ് ചേര്‍ന്നു നിന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍