ഓസ്ട്രിയയില്‍ സിഗരറ്റ് പായ്ക്കറ്റുകളില്‍ ഭയാനകമായ ചിത്രങ്ങള്‍
Friday, June 24, 2016 6:27 AM IST
വിയന്ന: ഓസ്ട്രിയയില്‍ മേയ് 20 മുതല്‍ സിഗരറ്റ് പായ്ക്കറ്റുകളില്‍ ഞെട്ടലുളവാക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്തു തുടങ്ങി. പുക വലിക്കാരില്‍ ഭീതി ജനിപ്പിക്കുന്നതും ഭയമുളവാക്കുന്നതുമായ ചിത്രങ്ങളായിരിക്കും മേയ് അവസാന ആഴ്ച മുതല്‍ വില്‍ക്കുന്ന പായ്ക്കറ്റുകളില്‍ പതിച്ചിരിക്കുന്നത്. ഇതിനുള്ള നിയമം ഏപ്രില്‍ അവസാനം ഓസ്ട്രിയന്‍ സര്‍ക്കാര്‍ പാസാക്കി.

പുതിയ പായ്ക്കറ്റുകളില്‍ മുന്‍പിലും പിറകിലുമായി ഏകദേശം 65 ശതമാനത്തോളം പ്രതലത്തിലും കാഴ്ചക്കാരില്‍ ഭയമുളവാക്കുന്ന ചിത്രങ്ങളായിരിക്കും മുദ്രണം ചെയ്യുക. ഇതിനായി രാജ്യത്തെ സ്റേഷനറി വ്യാപാര നിയമയത്തില്‍ ബന്ധപ്പെട്ട ഭേദഗതികള്‍ വരുത്തി.

പുതിയ നിയമം ആരോമ സിഗരറ്റുകളുടെ വില്പനയെ ബാധിക്കും. ഇതനുസരിച്ച് മെന്തോള്‍ സിഗരറ്റുകളുടെയും ചുരുട്ടുകളുടെയും വില്പന കര്‍ശനമായി നിരോധിക്കും.

എന്നാല്‍ പുതിയ നിയമമനുസരിച്ചുള്ള പടങ്ങള്‍ മുദ്രണം ചെയ്യാത്ത സിഗരറ്റുകള്‍ വിറ്റഴിക്കുന്നതിന് ഒരു വര്‍ഷത്തെ കാലാവധി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 2017 മേയ് 20 വരെയാണ് പഴയ സിഗരറ്റ് പായ്ക്കറ്റുകള്‍ വിറ്റഴിക്കാനുള്ള സമയപരിധി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍