മാനവികതയിലേക്കു നയിക്കുന്ന ധാര്‍മികവെളിച്ചമാണു ഖുര്‍ആന്‍: സാദിഖ് അലി തങ്ങള്‍
Friday, June 24, 2016 6:24 AM IST
ദുബായി: കലുഷിതമായ ലോകക്രമത്തില്‍ മാനവികത നിലനില്‍ക്കണമെങ്കില്‍ ധാര്‍മികതയിലൂന്നിയ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നു പാണക്കാട് സയിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്കൃഷ്ടന്‍ മനുഷ്യനാണ്. സ്രഷ്ടാവിന്റെ ഖിലാഫത്ത് ഭൂമിയില്‍ ഏറ്റെടുക്കേണ്ടവരാണ് മനുഷ്യര്‍. വിശുദ്ധ ഖുര്‍ആന്‍ എകതയിലേക്ക് നയിക്കുന്നു. ധാര്‍മികതയുടെയും നന്മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്- തങ്ങള്‍ പറഞ്ഞു. ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിന്റെ ഇരുപതാം സെഷന്റെ ഭാഗമായി ദുബായി കെഎംസിസിയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും സംയുക്തമായി ഖിസൈസ് ഇന്ത്യന്‍ അക്കാഡമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ റംസാന്‍ പ്രഭാഷണത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയിദ് ഹാരിബ് ഉദ്ഘാടനം ചെയ്തു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സയിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. 'വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം' വിഷയത്തില്‍ റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍ഗഫൂര്‍ അല്‍ ഖാസിമി, അന്‍വര്‍ അല്‍ ദാഹിരി, സ്വാലിഹ് അലി അബ്ദുല്ല, സി.പി. ബാവ ഹാജി, മുന്‍ എംപി അബ്ദുറഹിമാന്‍ (തമിഴ്നാട്), കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി, ഇബ്രാഹിം എളേറ്റില്‍, യഹിയ തളങ്കര, എം.എ. റസാഖ് മാസ്റര്‍, എം.വി. സിദ്ദീഖ് മാസ്റര്‍, എ.സി. ഇസ്മായില്‍, അഷ്റഫ് താമരശേരി, ജുനൈദ് വാള്‍സ്ട്രീറ്റ്, ഷൌക്കത്തലി ഹുദവി, ശുഹൈബ് തങ്ങള്‍, ഡോ. നാസര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ദുബായി കെഎംസിസി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ തലശേരി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. ശുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

ഖുര്‍ആന്‍ ജീവിതത്തെ ക്രമപ്പെടുത്തുന്നു: റാഷിദ് ഗസാലി

ദുബായി: ക്രമം തെറ്റിയ ജീവിതത്തെ ചിട്ടപ്പെടുത്തി പൈശാചിതയില്‍നിന്നു മനുഷ്യനെ വേറിട്ടു നിര്‍ത്തുന്ന ഗ്രന്ഥമാണു വിശുദ്ധ ഖുര്‍ആനെന്നു ഗവേഷകനും ചിന്തകനുമായ യുവ പ്രഭാഷകന്‍ റാഷിദ് ഗസാലി. ദുബായി അന്താരാഷ്ട്ര ഹോളിഖുര്‍ആന്‍ അവാര്‍ഡു പ്രോഗ്രാമില്‍ വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെ സന്ദേശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം.

വിശുദ്ധ ഖുര്‍ആന്‍ സകല ജനങ്ങള്‍ക്കുമുള്ളതാണ്. സങ്കുചിത ചിന്തയില്‍നിന്നു മനുഷ്യനെ മോചിപ്പിക്കുന്ന ഗ്രന്ഥംകൂടിയാണിത്. നീതിയും സമാധാനവുമാണു മാനവികത നിലനിര്‍ത്തുന്നതിന് ആവശ്യമെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. വര്‍ണ വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്തിയ പ്രത്യയ ശാസ്ത്രമാണ് ഇസ്ലാം. ഈ സവിശേഷതയാണ് ലോക പ്രശസ്ത ബോക്സിംഗ് താരം മുഹമ്മദലി ക്ളേ ഉള്‍പ്പെടെയുള്ളവരെ ഖുര്‍ആനികസന്ദേശം ഉള്‍കൊള്ളാന്‍ പ്രേരിപ്പിച്ചത്.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍