ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തേക്ക്
Friday, June 24, 2016 12:42 AM IST
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തേക്ക്. യൂണിയനില്‍ തുടരണമോ പുറത്തുപോകണമോ(ബ്രെക്സിറ്റ്) എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. ആകെയുള്ള 382 മേഖലകളില്‍ നടത്തിയ ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിക്കുന്നവര്‍ക്കു 48% വോട്ടും പുറത്തുപോകണമെന്ന നിലപാടുകാര്‍ക്ക് 52% വോട്ടും ലഭിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാണ് വടക്കന്‍ അയര്‍ലന്‍ഡിന്റെയും സ്കോട്ട്ലന്‍ഡിന്റെയും ഭൂരിപക്ഷാഭിപ്രായം. അതേസമയം, പിന്മാറണമെന്ന അഭിപ്രായത്തിലാണ് വെയ്ല്‍സും ഇംഗ്ളണ്ടും. ബ്രിട്ടണിലെ അംഗീകൃത വോട്ടര്‍മാരുടെ എണ്ണം 46,499,537 ആണ്. ബ്രിട്ടനിലുള്ള 12 ലക്ഷം ഇന്ത്യന്‍ വോട്ടര്‍മാരില്‍ 51% ബ്രെക്സിറ്റിനെ എതിര്‍ത്തു വോട്ടു ചെയ്തതായാണ് സൂചന.

ബ്രെക്സിറ്റ് സംഭവിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന പിന്മാറുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. സാമ്പത്തികമായി അഞ്ചാം സ്ഥാനത്തുള്ള ബ്രിട്ടന് പിന്മാറ്റം സാമ്പത്തികമായി കനത്ത തിരിച്ചടിയാകുമെന്നാണു കരുതപ്പെടുന്നത്. ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍തന്നെ ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രിട്ടന്‍ യൂണിയനു പുറത്തേക്കു പോയതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.

യൂറോപ്യന്‍ യൂണിയനു പുറത്തുപോകാനാണ് ഹിതപരിശോധനയിലെ വിധിയെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞേ ബ്രിട്ടനു പിരിയാന്‍ സാധിക്കൂ. ബ്രിട്ടന്‍ പുറത്തിറങ്ങിയാല്‍ ജര്‍മനി അടക്കമുള്ള പല രാജ്യങ്ങളിലും ഹിതപരിശോധനാ ആവശ്യം ഉയര്‍ന്നേക്കും. ജര്‍മനിയില്‍ ഈ ആവശ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.


ബ്രിട്ടന്‍ യൂണിയനു പുറത്തുപോയാല്‍

* യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു കൂപ്പുകുത്തും.
* യൂറോയ്ക്കും ഇടിവു സംഭവിക്കും
* ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങളുടെ സമ്പത്ഘടനയെയും ഇതു ബാധിക്കും
* പ്രതിസന്ധി ഘട്ടങ്ങളില്‍ ബ്രിട്ടന്റെ സുരക്ഷയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ എത്തില്ല
* ഡേവിഡ് കാമറൂണിന്റെ നിലനില്‍പ്പ് ചോദ്യംചെയ്യപ്പെടും
* വായ്പാ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകും
* തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കും
* സ്കോട്ട്ലന്‍ഡ് യുകെയെ വിട്ടുപോയേക്കാം
* യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രിട്ടനിലെ തൊഴിലവസരം നഷ്ടമായേക്കും
* ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കു ക്ഷീണമാകും


പൌണ്ട് കൂപ്പുകുത്തി; രൂപയ്ക്കും തളര്‍ച്ച

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ പൌണ്ട്. ഹിതപരിശോധനയുടെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആറു മണിക്കൂര്‍ കൊണ്ട് പത്തു ശതമാനം ഇടിവാണ് പൌണ്ട് നേരിട്ടത്. ബ്രിട്ടനിലെ ഫലം ലോകകമ്പോളങ്ങളെയും ബാധിച്ചു. ഇതോടെ ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്.

ബ്രിട്ടന്റെ പിന്മാറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ഇന്ത്യന്‍ ഓഹരിവിപണി സെന്‍സെക്സ് 1,000 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റ് താഴ്ന്നു. സെന്‍സെക്സ് പത്തു മാസത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ 68 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

പൌണ്ട് കൂപ്പുകുത്തി; രൂപയ്ക്കും തളര്‍ച്ച

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ ബ്രിട്ടീഷ് പൌണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 31 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ പൌണ്ട്. ഹിതപരിശോധനയുടെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആറു മണിക്കൂര്‍ കൊണ്ട് പത്തു ശതമാനം ഇടിവാണ് പൌണ്ട് നേരിട്ടത്. ബ്രിട്ടനിലെ ഫലം ലോകകമ്പോളങ്ങളെയും ബാധിച്ചു. ഇതോടെ ബ്രിട്ടന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്.

ബ്രിട്ടന്റെ പിന്മാറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ഇന്ത്യന്‍ ഓഹരിവിപണി സെന്‍സെക്സ് 1,000 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 300 പോയിന്റ് താഴ്ന്നു. സെന്‍സെക്സ് പത്തു മാസത്തെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരേ 68 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസം കൂടി കാമറോണ്‍ അധികാരത്തില്‍ തുടരും. ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

തന്റെ അഭിപ്രായത്തില്‍ നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.