കേളിയും കേരള പ്രവാസി സംഘവും കൈകോര്‍ത്തു; പള്ളിപ്പൊയില്‍ നിവാസികള്‍ക്കു സ്വന്തം ആംബുലന്‍സ്
Thursday, June 23, 2016 6:14 AM IST
റിയാദ്: കേളി കലാ സാംസ്കാരിക വേദി കേരള പ്രവാസി സംഘവുമായി സഹകരിച്ച് ജനകീയ ആംബുലന്‍സ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. കോഴിക്കോട് പാലത്ത് പള്ളിപ്പൊയില്‍ പ്രദേശത്ത് സേവനത്തിനായി

ദൂരദേശങ്ങളില്‍നിന്നുള്ള ആംബുലന്‍സുകളെയാണു പ്രദേശവാസികള്‍ ആശ്രയിച്ചിരുന്നത്. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനും അടിയന്തരമായി രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ഏറെ സമയം ആംബുലന്‍സ് എത്തുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേരള പ്രവാസി സംഘം പള്ളിപ്പൊയില്‍ യുണിറ്റ് കേളി കലാ സാംസ്കാരിക വേദിയുമായി സഹകരിച്ച് ജനകീയ ആംബുലന്‍സ് പദ്ധതിക്ക് രൂപം നല്‍കിയത്.

റിയാദിലെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ കേളി,
തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനകീയ ആംബുലന്‍സ് പദ്ധതിയുമായി സഹകരിച്ചതെന്നു കേളി കേന്ദ്ര സെക്രടട്ടേറിയറ്റ് അംഗം റഫീഖ് പാലത്ത് പറഞ്ഞു.

കേളി കേന്ദ്ര കമ്മിറ്റി അംഗം എന്‍.എം. പ്രിയേഷില്‍നിന്ന് ജനകീയ അംബുലന്‍സ് പദ്ധതിയിലേക്കുള്ള കേളിയുടെ സഹായം കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി ഏറ്റുവാങ്ങിക്കൊണ്ട് ആരംഭിച്ച പദ്ധതിയുടെ പ്രവര്‍ത്തനം സഹൃദയരായ പ്രവാസി സുഹൃത്തുക്കളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണു സമയബന്ധിമായി പൂര്‍ത്തിയാക്കിയത്.

ജൂണ്‍ 18നു പള്ളിപ്പൊയില്‍ ബസാറില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനകീയ ആംബുലന്‍സ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ചടങ്ങില്‍ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അധ്യക്ഷത വഹിച്ചു. കേളി വൈസ് പ്രസിഡന്റ് പി.കെ. മുരളി, മധു ബാലുശേരി, പഞ്ചായത്ത് അംഗങ്ങളായ ഗൌരി പുതിയോത്ത്, ഹമീദ് മാസ്റര്‍, നിഷ പടിഞ്ഞാറുകുഴിയില്‍, കെ.എം. മോഹന്‍ദാസ് എന്നിവരും ടി.കെ. സോമന്‍, എന്‍. രമേശന്‍, അപ്പുക്കുട്ടന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി പി.പി. മുഹമ്മദ്, പി.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.