ഫോമയ്ക്കു ദിശാബോധം നല്‍കിയ യംഗ് പ്രഫഷണല്‍ സമ്മിറ്റും യുവ നേതൃത്വവും
Thursday, June 23, 2016 6:11 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ ദേശീയ സംഘടനകളുടെ പല പരിപാടികളിലും പങ്കെടുക്കുവാന്‍ പലപ്പോഴും സാധിച്ചിട്ടില്ല. എങ്കിലും ഫോമ ആദ്യമായി ജിബി തോമസിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച യംഗ് പ്രഫഷണല്‍ സമ്മിറ്റ് എന്ന പരിപാടിയില്‍ രണ്ടുവര്‍ഷം മുമ്പ് പങ്കെടുക്കുവാന്‍ സാധിച്ചത് ഒരു പുതിയ അനുഭവമായി ഞാന്‍ കാണുന്നു.

ദേശീയ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കാത്തതിനു ബിസിനസിലുള്ള തിരക്ക് ഒരു കാരണമാണെങ്കില്‍ പോലും പലപ്പോഴും അത് മുതിര്‍ന്ന അമേരിക്കന്‍ മലയാളികള്‍ക്കുള്ള ഒരു കൂട്ടായ്മക്കപ്പുറം പുതിയ തലമുറ എന്തെങ്കിലും കാര്യമായി ചെയ്യാതിരുന്നതും ഒരു കാരണമായിരുന്നു. എന്നാല്‍ യംഗ് പ്രഫഷണല്‍ സമ്മിറ്റ് എന്ന ആശയവും അതുകൊണ്ടണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളും ഫോമയുടെ മിഡ് അറ്റ്ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റും യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് എന്ന ആശയത്തിന്റെ പിന്നിലെ മാസ്റര്‍ മൈന്‍ഡുമായ ജിബി തോമസ് വിശദീകരിച്ചപ്പോള്‍ അതില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം തോന്നുകയായിരുന്നു. മാത്രമല്ല, അമേരിക്കയില്‍ പുതുതായി വരുന്ന യുവാക്കള്‍ക്കായി ഇവിടെ ആദ്യമായി എത്തി പല കാര്യങ്ങളിലും വഴിതെളിയിച്ചവരുടെ അനുഭവങ്ങള്‍ എത്രമാത്രം പകര്‍ന്നുകൊടുക്കാമെന്നു മനസിലാക്കിയപ്പോള്‍ അതില്‍ സജീവമായി പങ്കെടുക്കണമെന്നു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യത്തെ യംഗ് പ്രഫഷണല്‍ സമ്മിറ്റ് ന്യൂജേഴ്സിയില്‍ നടത്തിയതിന്റെ വിജയമായിരുന്നു തുടര്‍ന്നു നടത്തിയ രണ്ടു പ്രഫഷണല്‍ സമ്മിറ്റുകളും. അതു തന്നെയാണ് ഇതില്‍ തുടര്‍ന്നു പങ്കെടുക്കുവാന്‍ തീരുമാനിച്ചതും. എന്തുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത് എന്നു ചോദിച്ചാല്‍ അതിനുത്തരം താഴെ പറയുന്ന കാരണങ്ങളാണ്. ഇതു തന്നെയാണ് ഫോമയുടെ യംഗ് പ്രൊഫഷണല്‍ സമ്മിറ്റുകൊണ്ട് ഉണ്ടായ പ്രയോജനം എന്നും ഞാന്‍ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച് ഇതു വന്‍ വിജയമാക്കി തീര്‍ത്ത ജിബി തോമസിനെ പോലെയുള്ള യുവ നേതാക്കള്‍ സമൂഹത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയ്ക്ക് പ്രസക്തി വര്‍ധിക്കുകയാണ്

1. അറിവ് പങ്കെടുക്കുന്നവര്‍ക്ക് സാധ്യതകളെകുറിച്ചും അവസരങ്ങളെകുറിച്ചും പരിപൂര്‍ണമായ അറിവ് നല്‍കാന്‍ ഈ ഉച്ചകോടിക്ക് സാധിച്ചിട്ടുണ്ട്.

2. ആത്മവിശ്വാസം പങ്കെടുക്കുന്നവര്‍ക്ക് സ്വന്തം കഴിവുകളെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അത്തരം കഴിവുകള്‍ മറ്റുള്ളവര്‍ വിജയത്തിനായി ഏതു വിധത്തില്‍ ഉപയോഗപ്പെടുത്തി എന്നു മനസിലാക്കാനും ഇതില്‍ പങ്കെടുക്കുന്നതിലൂടെ സാധിക്കുന്നു.

3. ഉപദേശകന്‍ ബിസിനസിലോ കരിയര്‍ ഡെവലപ്മെന്റിലോ ഉപദേശകനായി പങ്കെടുക്കുന്നവരുടെ കഴിവുകള്‍ക്ക് നല്ല രീതിയില്‍ ആരംഭം കുറിക്കാന്‍ ഈ സെമിനാര്‍ സഹായിക്കുന്നു.

4. സെമിനാറില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും അതുവഴി സ്വന്തം ജീവിതത്തില്‍ ഉന്നതങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുമ്പോള്‍ ഒരു പ്രേരണയായും സമ്മിറ്റ് മാറുന്നു.

5. തിരിച്ചറിവ് ഓരോരുത്തര്‍ക്കും അവനവനെയും അവരിലൊളിഞ്ഞ് കിടക്കുന്ന കഴിവുകളെയും തിരിച്ചറിയാന്‍ യംഗ് പ്രൊഫഷണല്‍ സമ്മിറ്റിലൂടെ സാധിക്കുന്നു.

6. സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ തൊട്ടുമുന്നിലുള്ളതും എന്നാല്‍ അവര്‍ അറിയപ്പെടാതെ കിടന്നിരുന്നവയുമായ അവസരങ്ങളുടെ വാതില്‍ തുറന്നുകൊടുക്കാന്‍ ഇതുവഴി സാധിക്കുന്നു.

7. അമേരിക്കയിലങ്ങോളമിങ്ങോളമുള്ള ചെറുപ്പക്കാരായ പ്രൊഫഷനലുകളെ പരസ്പരം ബന്ധപ്പെടുത്താന്‍ ഈ സെമിനാറിലൂടെ സാധിക്കുന്നു.

8. ഒരേ പ്രൊഫഷനിലുള്ളവരും വ്യത്യസ്ത പ്രൊഫഷനുകളില്‍ പെട്ടവരുമായ ആളുകളുടെ ഒരു ശൃംഖല രൂപീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു.

9. ദൈവം തന്ന അവസരങ്ങളും കഴിവുകളും സമൂഹത്തിനു തിരികെ നല്‍കാന്‍, അതിനായി മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനും ഇതുവഴി സാധിക്കുന്നു.

10. നേതൃത്വം ചെറുപ്പക്കാരയ ഓരോ യുവതീ യുവാക്കളിലും നേതൃഗുണം വളര്‍ത്തിയെടുക്കുവാന്‍ ഈ സെമിനാര്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട്.

രാജ്യത്തെ മുന്‍ നിരയില്‍ നില്‍ക്കുന്ന പല കമ്പനികളെയും നയിക്കുന്ന സിഇഒ മാരടക്കം വലിയ ഒരു നിര തന്നെയുണ്ടായിരുന്നു സമ്മിറ്റില്‍ ക്ളാസുകളെടുക്കുവാനും അനുഭവങ്ങള്‍ പങ്കു വയ്ക്കുവാനും ഡോ. ജാവേദ് ഹസന്‍, ചെയര്‍മാന്‍, നെസ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡോ. രഘു മേനോന്‍, ലിന്‍ഡെ ഗ്രൂപ്പ്, ഡോ. സുരേഷ് കുമാര്‍, കോ ഫൌണ്ടര്‍ ആന്‍ഡ് ഫോര്‍മര്‍ ചെയര്‍മന്‍ നെക്സ് ഗ്രൂപ്പ്, നവ സോഷ്യല്‍ മീഡിയകളുടെ നെടും തൂണായി പ്രശസ്തി ആര്‍ജിച്ച സ്പ്രിങ്ക്ളര്‍ ഗ്രൂപ്പിന്റെ മേധാവി മിന്നും താരം രജി തോമസിനെ ആദ്യമായി മലയാളി സമൂഹത്തിനു പരിചയപ്പെടുത്തിയതും യംഗ് പ്രൊഫഷണല്‍ സമ്മിറ്റിലൂടെ ആയിരുന്നു. 700 പേരോളം പ്രൊഫഷണലുകള്‍ പങ്കെടുത്ത സമ്മിറ്റില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അടക്കം 25 ഓളം കമ്പനികള്‍ ജോബ് ഫെയറും റിക്രൂട്ടുമെന്റും സമ്മിറ്റില്‍ പങ്കെടുത്തു.

ഫോമയോട് ഒരു ബന്ധവുമില്ലാതിരുന്ന അനേകം കമ്പനികളെ സമ്മിറ്റ് വഴി പരിചയപ്പെടുത്തുവാനും അതു വഴി അനേകം തൊഴിലവസരങ്ങള്‍ ഫോമയിലൂടെ യുവാക്കള്‍ക്ക് ലഭിക്കുവാനും കാരണമായി. ഇതു പോലെയുള്ള സമൂഹത്തിനുതകുന്ന ആശയങ്ങള്‍ കണ്െടത്തുവാനും അതു നടപ്പില്‍ വരുത്തുവാനും ജിബി തോമസിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. ഫോമയുടെ മുന്‍പോട്ടുള്ള വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്ന ഇത്തരം പ്രോജെക്റ്റുകള്‍ സംഘടനയിലേക്കു ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനും കാരണമാക്കും, ഫോമയോട് ചേര്‍ന്നു നില്‍ക്കുന്ന അനേകം സംഘടനകള്‍ക്കും ഇതു ഗുണം ചെയ്തു.

യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് യുവാക്കളെ ദേശീയ സംഘടനകളോട് അടുപ്പിച്ചു നിര്‍ത്തുന്ന ഒരുപാട് ദീര്‍ഘ വീക്ഷണമുള്ള ഒരു പ്രോജക്ടാണ്. 2013 ല്‍ ന്യൂജേഴ്സിയില്‍ നടത്തപ്പെട്ടത്. തുടര്‍ന്നു 2014 ല്‍ കണ്‍വന്‍ഷനിലും 2015 ല്‍ ഡിട്രോയിറ്റിലും സംഘടിപ്പിക്കപ്പെട്ട മൂന്നു പ്രോജക്ടുകളിലും ഞാന്‍ വല്ല താത്പര്യപൂര്‍വം പങ്കെടുത്തു. ഈ പ്രോജക്ട് തുടര്‍ന്നുവരുന്ന ഭരണസമിതികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഞാന്‍ ആശിക്കുന്നത്.

മയാമിയില്‍ നടക്കുന്ന ഫോമാ കണ്‍വന്‍ഷന് എല്ലാവിധ ആശംസകളും നേരുന്നു.അതോടൊപ്പം വളരെയേറെ നേതൃത്വ ഗുണങ്ങളുള്ള, ഫോമയെ വരും കാലങ്ങളില്‍ മുന്നോട്ടു നയിക്കുവാന്‍ പ്രാപ്തരായ,സംഘടനയെ വളര്‍ച്ചയിലേക്ക് പാതയിലേക്ക് നയിക്കുവാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള വ്യക്തമായ കാഴ്ച പ്പാടുകളുള്ള ജിബി തോമസ് അടക്കമുള്ള യുവാക്കള്‍ നേതൃത്വത്തിലേക്കു വരട്ടെയെന്നും ഈ വര്‍ഷം നിങ്ങള്‍ക്ക് കൂടുതല്‍ യുവാക്കളെ അവിടെ പങ്കെടുപ്പിക്കാന്‍ കഴിയട്ടെയെന്നും ആശംസിക്കുന്നു.

(ലേഖകന്‍ തോമസ് മൊട്ടക്കല്‍ തോമര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ മേധാവിയാണ്)