സുപ്രീംകോടതി ജസ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജണ്‍ സ്വീകരണം നല്‍കി
Wednesday, June 22, 2016 8:19 AM IST
ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ ആഭിമുഖ്യത്തില്‍ സുപ്രീംകോടതി ജസ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.

ഫോമ ഷിക്കാഗോ റീജണ്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം അധ്യക്ഷത വഹിച്ചു. ഫോമ എന്ന അംബ്രല്ലാ സംഘടന ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ആര്‍സിസി പ്രോജക്ടിനുവേണ്ടി ചെയ്യുന്ന സഹായങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.

ചടങ്ങില്‍ ആശംസ നേര്‍ന്നു സംസാരിച്ച സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ജസ്റീസ് കുര്യന്‍ ജോസഫ് തന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളോടൊപ്പം സഭയോടും ദൈവത്തിലുമുള്ള വിശ്വാസം ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നതായി പറഞ്ഞു. ഫോമ ഷിക്കാഗോ റീജണ്‍ മുന്‍കൈ എടുത്തു നടത്തുന്ന ഈ സ്വീകരണത്തിനു ജസ്റീസ് കുര്യന്‍ ജോസഫ് എന്തുകൊണ്ടും യോഗ്യനാണെന്നും ഇങ്ങനെ ഒരു സ്വീകരണം നല്‍കിയ ഫോമയുടെ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്നു ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറ, റീജണല്‍ ജോയിന്റ് സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു, ബീന വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

മറുപടി പ്രസംഗത്തില്‍ ജസ്റീസ് കുര്യന്‍ ജോസഫ് ഫോമയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റി നഴ്സിംഗ് പ്രോഗ്രാമില്‍ കൂടി മലയാളികള്‍ക്ക് നല്‍കുന്ന സേവനങ്ങളേയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിനു നല്‍കുന്ന എല്ലാവിധ സഹായങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. അതോടൊപ്പം ഫോമയുടെ എല്ലാവിധ ഭാവി പരിപാടികള്‍ക്കും ആശംസകള്‍ നേരുകയും ഫോമ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബെന്നി വാച്ചാച്ചിറയ്ക്കും ട്രഷറര്‍ സ്ഥാനാര്‍ഥി ജോസി കുരിശിങ്കലിനും എല്ലാവിധ ആശംസകളും നേര്‍ന്നു.

ഫോമ ഷിക്കാഗോ റീജണല്‍ സെക്രട്ടറി ജോസി കുരിശിങ്കല്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളായ ജസ്റീസ് കുര്യന്‍ ജോസഫിനും മാര്‍ ജോയി ആലപ്പാട്ടിനും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം