ടര്‍ബന്‍ ധരിച്ച് പോലീസ് ഉദ്യാഗസ്ഥന്‍ സത്യപ്രതിജ്ഞ ചെയ്തു
Wednesday, June 22, 2016 6:18 AM IST
മൊഡസ്റ്റൊ (കലിഫോര്‍ണിയ): സിഖ് മതാചാരപ്രകാരം ടര്‍ബന്‍ ധരിച്ചും താടി വളര്‍ത്തിയും പോലീസ് ഉദ്യോഗസ്ഥനായി സത്യ പ്രതിജ്ഞ ചെയ്യുക എന്ന ചരിത്ര സംഭവത്തിന് മൊഡസ്റ്റൊ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആദ്യമായി സാക്ഷ്യം വഹിച്ചു.

ക്ളീന്‍ ഷേവ് ചെയ്തു പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനം അനുഷ്ഠിക്കുക എന്ന പതിവ് സിഖ് വംശജനായ വരിന്ദര്‍ കുന്‍ കുനിന്റെ സത്യ പ്രതിജ്ഞാ ചടങ്ങോടെ ആദ്യമായാണ് തിരുത്തി കുറിക്കപ്പെട്ടത്. ഇന്ത്യയില്‍ ജനിച്ച് നാപ പോലീസ് അക്കാഡമിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തയാളാണ് ഇരുപത്തിയെട്ടുകാരനായ ഖരിന്ദര്‍.

ടര്‍ബന്‍ ധരിച്ച ഒരു പോലീസ് ഓഫീസറേയും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ഇങ്ങനെ ഒരു അനുമതി ലഭിക്കുമെന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പോലീസ് ഓഫീസറായി സത്യ പ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് വരിന്ദര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ജോലിക്കുവേണ്ടി അപേക്ഷിക്കുമ്പോള്‍ ടര്‍ബന്‍ ധരിച്ചും താടി വളര്‍ത്തിയും മാത്രമേ ജോലിയില്‍ പ്രവേശിക്കുകയുള്ളൂവെന്നു പോലീസ് ചീഫ് ഗേലന്‍ കേരളിനെ ഖരിന്ദര്‍ അറിയിച്ചിരുന്നു.

2012 ല്‍ ഗവര്‍ണര്‍ ജെറി ബൌണ്‍ ഒപ്പിട്ട ഫെയര്‍ എംപ്ളോയ്മെന്റ് ആക്ടില്‍ മറ്റു മതങ്ങളുടെ ആചാരം അംഗീകരിക്കപ്പെടേണ്ടതാണെന്നു വ്യക്തമാക്കിയിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ സിഖ് മതവിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ അവസരം ലഭിച്ചതില്‍ സിഖ് വംശജര്‍ ആഹ്ളാദഭരിതരാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍