'പാരമ്പര്യം കാത്തുസൂക്ഷിച്ച് ഇസ്ലാമിനെ മുറുകെ പിടിക്കുക'
Wednesday, June 22, 2016 6:16 AM IST
അബുദാബി: നബിയും അനുചരന്മാരും കാണിച്ചുതന്ന പാരമ്പര്യം കാത്തുസൂക്ഷിച്ച് ഇസ്ലാമിനെ മുറുകെ പിടിക്കണമെന്നു പ്രമുഖ ഇസ്ലാമിക പണ്ഡിതനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ റംസാന്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിവരമുള്ളവരും അറിവുള്ളവരും കുറഞ്ഞുവരികയും പ്രസംഗികര്‍ വര്‍ധിച്ചുവരികയും ചെയ്യുന്ന കാലഘട്ടമാണിത്. നബിയുടേയും അനുചരന്മാരുടെയും ശ്രേഷ്ഠത ലഭിക്കണമെങ്കില്‍ പാരമ്പര്യത്തെ മുറുകെ പിടിക്കണം. റംസാന്‍ മാസത്തില്‍ പവിത്രത കൂടുതലാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിക്കണം. രാത്രികള്‍ ആരാധനകൊണ്ട് ധന്യമാക്കണം. സാധാരണ കാലഘട്ടത്തില്‍ ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ റംസാനില്‍ ഇരട്ടി പ്രതിഫലം ലഭിക്കും. മനുഷ്യന്റെ ജീവിതവും ആയുസും ഐസ് അലിഞ്ഞു തീരുന്നതുപോലെ അലിഞ്ഞു തീരുകയാണ്. ഭൌതികമായ ലോകം പരലോകത്തേക്കുള്ള കൃഷിയിടമാണ്. ദുഷ്കര്‍മത്തില്‍നിന്നും പിന്തിരിയുകയും സത്കര്‍മങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി തിരുവത്ര, പി.വി. അബൂബക്കര്‍ മൌലവി, ഉമ്മര്‍ മുസ്ലിയാര്‍ തളിപ്പറമ്പ്, ഹംസ അഹ്സനി, ലത്തീഫ് ഹാജി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള