ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ ഒന്നു മുതല്‍
Tuesday, June 21, 2016 5:01 AM IST
ഫിലാഡല്‍ഫിയ: ഭാരതത്തിനു വിശ്വാസവെളിച്ചം പകര്‍ന്നു നല്‍കിയ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ളീഹായുടെ ഓര്‍മത്തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ 24 മുതല്‍ ജൂലൈ നാലു വരെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു.

ജൂണ്‍ 24-നു (വെള്ളിയാഴ്ച) വൈകുന്നേരം 6.30-നു ഇടവക വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി തിരുനാള്‍കൊടി ഉയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാവും. അന്നേദിവസം റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഫാ. സജി മുക്കൂട്ട് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി, മധ്യസ്ഥപ്രാര്‍ത്ഥന, രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ് എന്നിവ ഉണ്ടാവും.

ജൂണ്‍ 24 മുതല്‍ 30 വരെ എല്ലാദിവസങ്ങളിലും കുടുംബവാര്‍ഡുകളുടെ നേതൃത്വത്തില്‍ നൊവേനയും മധ്യസ്ഥപ്രാര്‍ഥനയും നടക്കും.

ജുലൈ ഒന്നിനു (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചിനു നൊവേന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി. എത്യോപ്യയിലെ നെകെംതെ രൂപത ബിഷപ് മാര്‍ വര്‍ഗീസ് തോട്ടംകര മുഖ്യകാര്‍മികനാകും. റവ. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍, റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മികരാകും.

വൈകുന്നേരം ഏഴു മുതല്‍ ഗാനമേള, മിമിക്രി. ന്യൂയോര്‍ക്ക് മ്യൂസിക് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന സംഗീത സയാഹ്നം. സുജിത് മൂലയില്‍, ജോഷി, ശാലിനി എന്നീ അനുഗൃഹീത ഗായകര്‍ പ്രേക്ഷകരെ സംഗീതലഹരിയില്‍ ആറാടിക്കും. തുടര്‍ന്നു അക്കാട്ടുമുണ്ടക്കല്‍ റോയി-റോജ് സഹോദരങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന ഹാസ്യകലാപ്രകടനം.

ജുലൈ രണ്ടിനു ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിനു റവ. ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, റവ. ഫാ. ജേക്കബ് ജോണ്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന. തിരുനാള്‍ സന്ദേശം നല്‍കുന്നത് തിരുവല്ല ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്. ലദീഞ്ഞിനുശേഷം പെരുനാള്‍ കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ തോമാശ്ളീഹായുടെയും, മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

വൈകുന്നേരം ഏഴുമുതല്‍ ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന പുതിയ ഭൂമി, പുതിയ മനുഷ്യന്‍ എന്ന സാമൂഹിക നാടകം. മനോജ് ലാമണ്ണില്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ ഇടവകയിലെ തന്നെ കലാകാരന്മാര്‍ വേഷമിടുന്നു. സ്നേഹവിരുന്നോടുകൂടി ശനിയാഴ്ചത്തെ പരിപാടികള്‍ക്കു സമാപനമാവും.

പ്രധാന തിരുനാള്‍ ദിവസമായ ജുലൈ മൂന്നിനു (ഞായറാഴ്ച) പത്തിനു ഫാ. റെന്നി കട്ടേല്‍, ഫാ. ജോസഫ് ആദോപ്പിള്ളില്‍, ഫാ. തോമസ് മലയില്‍, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ ദുക്റാന തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്. ലദീഞ്ഞിനുശേഷം കൊടികളുടെയും, മുത്തുക്കുടകളുടേയും, ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, പ്രസുദേന്തി വാഴ്ച്ച, സ്നേഹവിരുന്ന്. അന്നേദിവസം യുവജനങ്ങള്‍ ഒരുക്കുന്ന കാര്‍ണിവല്‍ തിരുനാളിനു മാറ്റുകൂട്ടും.

മരിച്ചവരുടെ ഓര്‍മ്മദിനമായ ജുലൈ നാലിനു (തിങ്കളാഴ്ച) വൈകുന്നേരം 6.30-നു ദിവ്യബലി, ഒപ്പീസ്. തിരുക്കര്‍മ്മങ്ങള്‍ എന്നിവയ്ക്കുശേഷം കൊടിയിറക്കുന്നതോടെ പത്തു ദിവസത്തെ തിരുനാളാഘോഷങ്ങള്‍ക്കു തിരശീലവീഴും.

ബേബി അഗസ്റിന്‍ കല്ലറക്കല്‍, സെബാസ്റ്യന്‍ മാത്യു, ബിജോയ് ജോണ്‍ പാറക്കടവില്‍, ഷാജി മിറ്റത്താനി, ജോര്‍ജ് വി. ജോര്‍ജ്, സിബിച്ചന്‍ മുക്കാടന്‍, ജയിംസ് കുരുവിള, സ്കറിയാ ചാക്കോ, ജോബി ജോര്‍ജ് കൊച്ചുമുട്ടം, സോബിന്‍ ജോസ് കളത്തില്‍, ജോജോ കോട്ടൂര്‍, സോണി തോമസ്, ജോസഫ് ചെറിയാന്‍, സുനില്‍ തോമസ്, ജോസഫ് പാമ്പൂട്ടിത്തറ, തോംസണ്‍ തകടിപറമ്പില്‍, ജോസഫ് വര്‍ഗീസ്, തോമസ് ചാക്കോ, റോഷിന്‍ പ്ളാമൂട്ടില്‍, തോമസ് കന്നാടന്‍ എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവര്‍ പെരുനാളിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍