യൂറോപ്യന്‍ യൂണിയനു സ്വീഡനില്‍ വന്‍ ജനപിന്തുണ
Monday, June 20, 2016 8:21 AM IST
സ്റോക്ക്ഹോം: ബ്രിട്ടീഷ് ജനത യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു നിശ്ചയിക്കാനുള്ള ഹിതപരിശോധനയില്‍ വോട്ടു ചെയ്യാനൊരുങ്ങുന്നതിനിടെ, സ്വീഡനില്‍ സമാനമായൊരു അഭിപ്രായ വോട്ടെടുപ്പ് സംഘടിപ്പിക്കപ്പെട്ടു.

സ്വീഡനിലെ ബഹുഭൂരിപക്ഷം പൌരന്‍മാരും രാജ്യത്തിന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തോട് യോജിക്കുന്നു എന്നാണ് ഇതില്‍ വ്യക്തമായത്.

ബ്രിട്ടനിലെ ഹിത പരിശോധനയ്ക്കു പിന്നാലെ സ്വീഡനിലും സമാന ഹിതപരിശോധനയ്ക്കു സാധ്യതയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം പ്രസക്തമാകുന്നത്.

അതേസമയം, ബ്രിട്ടന്‍ യൂണിയനില്‍നിന്നു പുറത്തുപോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ യൂണിയനിലുള്ള വിശ്വാസ്യത കുത്തനെ ഇടിയാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സ്വീഡനില്‍ ജനാഭിപ്രായം മാറിമറിയുമെന്നും വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍