ഫോമ മയാമി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്
Monday, June 20, 2016 6:32 AM IST
ഫ്ളോറിഡ: നോര്‍ത്തമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനു നാമമാത്രമായ ദിനരാത്രങ്ങള്‍ ബാക്കി നില്‍ക്കെ, കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു.

വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസിന്റെ നേതൃത്വത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. ജൂണ്‍ 12നു (ഞായര്‍) ഫോമ ട്രഷറാര്‍ ജോയി ആന്റണിയുടെ വസതിയില്‍ കൂടിയ മീറ്റിംഗില്‍ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍ പങ്കെടുത്തിരുന്നു.

താമസ സൌകര്യത്തോടു കൂടിയുള്ള രജിസ്ട്രേഷന്‍ ജൂണ്‍ ആദ്യ വാരം തന്നെ അവസാനിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന താമസസൌകര്യം കൂടാതെയുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി രജിസ്ട്രേഷന്‍ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ശ്രീജേഷ് ശ്രീനിവാസന്‍ പറഞ്ഞു.

ഫോമാ പ്രസിഡന്റ്, ട്രഷറര്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നിവരോടൊപ്പം, ജോയ് കുറ്റ്യാനി (നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍), സുനില്‍ തൈമറ്റം (മീഡിയ), ജയിംസ് പുളിക്കല്‍ (ഫെസിലിറ്റി), ജോണറ്റ് സെബാസ്റ്യന്‍ (വള്ളംകളി), സാജു വടക്കേല്‍ (സ്റേജ് അറേഞ്ച്മെന്റ്സ്), സഞ്ചു എബി ആനന്ദ് (ഹെല്‍പ്പ് ഡെസ്ക്), പ്രിറ്റി ദേവസ്യ (മലയാളി മങ്ക), ട്രേസ ജോയ് (താലപ്പൊലി), ഷീല ജോസ്, ജോസ് ചാക്കോ, ജോണ്‍ ഉണ്ണുണ്ണി, ജോണി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജൂലൈ ഏഴു മുതല്‍ 10 വരെ, ഫ്ളോറിഡയിലെ പ്രശസ്ത ബീച്ച് റിസോര്‍ട്ടായ ഡ്യൂവില്ല് ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വള്ളംകളി മുതല്‍ വിജയ് യേശുദാസും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയുമാണ്. അബ്ദുള്‍ കലാം നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന കണവന്‍ഷന്‍ സെന്ററിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എസ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്റണി എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്