വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ തിരയില്‍പ്പെട്ടു മുങ്ങി മരിച്ചു
Monday, June 20, 2016 6:29 AM IST
സാന്‍ലുക്കാസ്: ടെക്സസില്‍നിന്നും അറുപത്താറാമത് വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ തിരയില്‍പ്പെട്ടു മുങ്ങി മരിച്ചു

മെക്സിക്കോയിലെ കബൊ സാന്‍ ലുക്കാസ് കടല്‍ തീരത്താണ് സംഭവം. നടക്കാനിറങ്ങിയ റിച്ചാര്‍ഡ് (86) ഭാര്യ നാന്‍സി (83) എന്നിവരെ പൊടുന്നനെ കടലില്‍നിന്നു വന്ന വന്‍തിരമാല ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ടുപോയതായി മകന്‍ ബെന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഇരുവരേയും കരയിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹൈസ്കൂളില്‍ തുടങ്ങിയ പ്രണയം ഇരുവരുടേയും വിവാഹത്തിലാണ് ചെന്നെത്തിച്ചത്. ടെക്സസിലെ സാന്‍ആന്റോണിയായില്‍ 1911 ല്‍ റിച്ചാര്‍ഡിന്റെ പിതാവ് തുടങ്ങിയ കള്‍പെപ്പേഴ്സ് ക്ളീനേഴ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു മരിച്ച ദമ്പതികള്‍.

വെള്ളിയാഴ്ച ആയിരുന്നു വിവാഹ വാര്‍ഷികം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഫാദേഴ്സ് ഡേ ആഘോഷിക്കാന്‍ പിതാവ് എത്തുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു മക്കളായ ബെനും ജെസും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍