വായന വര്‍ഷം 2016: ദുബായി കെഎംസിസി കാമ്പയിന്‍ രണ്ടാം ഘട്ടത്തിലേക്ക്
Monday, June 20, 2016 6:27 AM IST
ദുബായി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹിയാന്‍ പ്രഖ്യാപിച്ച വായനാ വര്‍ഷം 2016 ന്റെ ഭാഗമായി ദുബായി കെഎംസിസി നടത്തിവരുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു.

എല്ലാവരിലും പുസ്തകമെത്തിക്കുകയെന്ന ലക്ഷ്യവുമായി രണ്ടായിരം പേര്‍ക്ക് പുസ്തകം നല്‍കി ജൂണ്‍ 21നു(ചൊവ്വ) കെഎംസിസി ഇഫ്താര്‍ ടെന്റില്‍ വായനാ വര്‍ഷം 2016 രണ്ടാം ഘട്ട പദ്ധതി നടപ്പാക്കുന്നു. പുസ്തക പ്രസാധകര്‍, എഴുത്തുകാര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍, കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവരില്‍നിന്നു ശേഖരിക്കുന്ന പുസ്തകങ്ങളാണു വിതരണം ചെയ്യുന്നത്.

ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ ദുബായിയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ വായനാ ദിനമായി ആചരിച്ചിരുന്നു. ഡിജിറ്റല്‍ വായനയുടെ സാധ്യതകളെ പരിചയപ്പെടുത്തുന്ന മൂന്നാം ഘട്ട പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.

ദുബായിയിലെ പ്രസാധകരെ സംഘടിപ്പിച്ച് ഒരു പുസ്തകപ്രദര്‍ശനവും കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ചു നടത്തുന്നുണ്ട്.

ദുബായി ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ റീഡിംഗ് നേഷന്‍ എന്ന പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അറിവിനും വായനക്കും പ്രാധാന്യം നല്‍കുന്ന റംസാനില്‍ത്തന്നെ 'വായനാ വര്‍ഷം 2016' രണ്ടാം ഘട്ട പദ്ധതി തെരഞ്ഞെടുത്തത്.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍