കേളി ഇടപെടല്‍: യുപി സ്വദേശിക്ക് ആടുജീവിതത്തില്‍നിന്നു മോചനം
Monday, June 20, 2016 6:25 AM IST
റിയാദ്: നാലു വര്‍ഷത്തിലേറെയായി മരുഭൂമിയില്‍ ആടിനെ മേയ്ച്ചു തികച്ചും ആടുജീവിതം നയിക്കേണ്ടിവന്ന യുപി സ്വദേശി റിസ്വാന്‍ അഹമ്മദിനു കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്നു നാട്ടിലേക്കു തിരിച്ചു പോകാന്‍ വഴിയൊരുങ്ങുന്നു.

നാലു വര്‍ഷം മുമ്പാണു യുപി ലക്നോ അസംഗഡ് സ്വദേശി റിസ്വാന്‍ അഹമ്മദ് ജോലിക്കായി കുവൈത്തില്‍ ജോലിക്കെത്തിയത്. എന്നാല്‍, ഏറെ താമസിയാതെ അവിടെനിന്നു സ്പോണ്‍സര്‍ റിസ്വാനെ അനധികൃതമായി സൌദിയിലെ ഹാഫര്‍ അല്‍ ബാതേനില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ഹാഫര്‍ അല്‍ ബാതേനിന് അടുത്തുള്ള മരുഭൂമിയില്‍ ആടിനെ മേയ്ക്കുന്ന ജോലി ചെയ്തുവരികയായിരുന്നു റിസ്വാന്‍. ഈ കാലയളവിലൊന്നും റിസ്വാന് ശമ്പളം ലഭിച്ചിരുന്നില്ല. മാത്രമല്ല സ്പോണ്‍സറുമായോ പുറം ലോകവുമായോ നാട്ടിലുള്ള കുടുംബവുമായോ പോലും ബന്ധപ്പെടാനും കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും ആടുകള്‍ക്കായി പുല്ലും വെള്ളവും എത്തിക്കുന്ന കൂട്ടത്തില്‍ ലഭിക്കുന്ന കുബൂസും വെള്ളവും മാത്രമായിരുന്നു ആഹാരം. യുപി സ്വദേശി അംജദ് എന്നൊരാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് റിയാദില്‍ നസീമിലുള്ള ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് റിസ്വാന്‍ അഹമ്മദനെക്കുറിച്ചുള്ള വിവരം കേളി ജീവകാരുണ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കേളി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍ എംബസിയുമായി ബന്ധപ്പെടുകയും നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ എംബസി മുഖേന കുവൈത്ത് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് റിസ്വാന്‍ അഹമ്മദിന്റെ വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ കുവൈത്തില്‍നിന്നു റിസ്വാന്‍ അഹമ്മദ് എക്സിറ്റില്‍ പോയിരിക്കുന്നതായാണ് എംബസിയിലെ രേഖകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ന്നു ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ ഹാഫര്‍ ബതേനില്‍നിന്നു വളരെ അകലെയുള്ള ഒരു മരുഭൂമിയില്‍ റിസ്വാന്‍ അഹമ്മദിനെ കണ്െടത്താന്‍ കഴിഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തകര്‍ കണ്െടത്തുമ്പോള്‍ ശാരീരികവും മാനസികമായി വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു റിസ്വാന്‍. തുടര്‍ന്നു റിയാദിലെത്തിച്ച് എംബസിയില്‍ നിന്നു താത്കാലിക രേഖകള്‍ ശരിയാക്കി ഒരു സ്വകാര്യ ക്ളിനിക്കില്‍ ആവശ്യമായ ചികിത്സ നല്‍കി. ആഹാരവും ചികിത്സയും ലഭിച്ചതിനെത്തുടര്‍ന്നു റിസ്വാനു ക്രമേണ ആരോഗ്യം വീണ്െടടുക്കാനായിട്ടുണ്ട്. നാലു വര്‍ഷത്തിലേറെയായി അക്ഷരാര്‍ഥത്തില്‍ ആടുജീവിതം നയിക്കേണ്ടിവന്ന റിസ്വാന്‍ അഹമ്മദിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എംബസിയുടെ സഹായത്തോടെ  നാട്ടിലേക്കു കയറ്റിവിടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കണ്‍വീനര്‍ ബാബുരാജ് കാപ്പില്‍ അറിയിച്ചു.