ഫൊക്കാന കണ്‍വന്‍ഷന്‍: സുരേഷ് ഗോപിയും കാത്തലീന്‍ വേയിനും ഉദ്ഘടനം നിര്‍വഹിക്കും
Sunday, June 19, 2016 3:58 AM IST
ടൊറന്റോ: അമേരിക്കന്‍ മലയാളികളുടെ കേന്ദ്രസംഘടനയായ ഫൊക്കാനയുടെ 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ നടത്തുന്ന ഫൊക്കാന ജനറല്‍ കണ്‍വന്‍ഷന്‍ സുരേഷ് ഗോപി എംപി, ഒന്‍റ്റാരിയോ പ്രീമിയര്‍ കാത്തലീന്‍ വേയിന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ത്യയുടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശിഷ്ടാതിഥിയായിരിക്കും, ആന്റോ ആന്റണി എംപി, മുന്‍ മന്ത്രി വിനോയി വിശ്യം, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്നതാണ്.

ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തേയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്ഠയോടും, വിപുലമായ ഒരുക്കങ്ങളോടെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനു രാവിലെ പത്തിനു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ആദ്യ ദിനം സായാന്നത്തിലാണ് കേരളത്തനിമയും സംസ്കാരവും വിളിച്ചോതുന്ന ഘോഷയാത്ര. ഘോഷയാത്രയ്ക്കു ശേഷം നൂറ്റിയൊന്ന് വനിതകളുടെ തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്. ആദ്യമായിട്ടാണു ഫൊക്കാനാ കണ്‍വന്‍ഷനില്‍ തിരുവാതിര അവതരിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും, കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്കാരിക രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും, മലയാള സിനിമാരംഗത്തെ ഒരു താരനിരതന്നെ ഈ കണ്‍വന്‍ഷനില്‍ ഉടനീളം പങ്കെടുക്കും.

എല്ലാ അമേരിക്കന്‍ മലയാളികളെയും കാനഡയില്‍ നടക്കുന്ന മലയാളിമാമങ്കത്തിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍. ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ലീലാ മാരേട്ട്, ഫൌണ്േടഷന്‍ ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, എന്റര്‍റ്റൈന്‍മെന്റ് ചെയര്‍ ബിജു കട്ടത്തറ, വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചേല്‍, ജോയിന്റ് സെക്രട്ടറി ജോസഫ് കുര്യപ്പുറം, അസോ. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, അസോ. ജോയിന്റ് ട്രഷറര്‍ ഡോ. മാത്യു വര്‍ഗീസ്, ട്രസ്റി ബോര്‍ഡ് സെക്രട്ടറി ബോബി ജേക്കബ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍