'പുണ്യദിനങ്ങളില്‍ വിശ്വാസി സമൂഹം കഠിനാധ്വാനത്തിനാണ് തയാറാവേണ്ടത്'
Saturday, June 18, 2016 6:07 AM IST
കുവൈത്ത്: പവിത്രമായ ഈ ദിനങ്ങളെ കഠിനാധ്വാനത്തിലൂടെയും തീവ്രസ്വഭാവത്തിലൂടെ ഉപയോഗപ്പെടുത്തുന്നവര്‍ക്ക് വിലമതിക്കാത്ത സമ്മാനങ്ങളാണ് അല്ലാഹു തയാറാക്കിവച്ചിരിക്കുന്നതെന്നു പണ്ഡിതന്‍ അബ്ദുല്‍ അസീസ് സലഫി. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അഹ്മദി ഏരിയ ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോമ്പിന്റെ അനുഗ്രഹീത പൂര്‍ത്തീകണത്തിന് അത്താഴം കഴിക്കലിലൂടെ സാധ്യമാകുമെന്നും ജീവിത പരിവര്‍ത്തനത്തിനു പറ്റിയ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ തീരാനഷ്ടമാണ് ഉണ്ടാവുകയെന്നു സലഫി പറഞ്ഞു.

പാരത്രിക ജീവിതമാണ് വിശ്വാസിയുടെ ലക്ഷ്യമെന്നും അതിനായി ഓരോ വേളയും ആ ജീവിതം നമ്മുടെ സമീപത്ത് എത്തിയിരിക്കുന്നു എന്ന ധാരണയോടെയും വിശ്വാസത്തോടെയും നാം മുന്നോട്ടു നീങ്ങേണ്ടതെന്നും ഹൃസ്വസന്ദര്‍ശനത്തിനെത്തിയ അബ്ദുല്‍ മജീദ് മദനി വിശദീകരിച്ചു.

ഐഐസി ഓഫീസ് അഫയേഴ്സ് സെക്രട്ടറി എന്‍ജിനിയര്‍ ഉമ്മര്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.ടി. മുഹമ്മദ്, ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, പി.വി. അബ്ദുല്‍ വഹാബ്, താജുദ്ദീന്‍ നന്തി, ഹാരിസ് മങ്കട തുടങ്ങിയവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍