അബുദാബി വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീ
Saturday, June 18, 2016 6:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ദുബായിക്കും ഷാര്‍ജക്കും പിന്നാലെ അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തിലും യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തുന്നു. 35 ദിര്‍ഹമാണ് ഒരാളുടെ യൂസേഴ്സ് ഫീസ്.

ജൂലൈ ഒന്നു മുതല്‍ എല്ലാ എയര്‍ലൈന്‍സും ടിക്കറ്റിനോടൊപ്പം യൂസേഴ്സ് ഫീ ഈടാക്കി തുടങ്ങും. ദുബായിലേയും ഷാര്‍ജയിലേയും വിമാനത്താവളങ്ങളില്‍ നിലവില്‍ ടിക്കറ്റൊന്നിനു 35 ദിര്‍ഹം വീതം യൂസേഴ്സ് ഫീ ഈടാക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് യുഎഇ തലസ്ഥാനമായ അബുദാബി വിമാനത്താവളത്തിലും യൂസേഴ്സ് ഫീ ഈടാക്കുന്നത്. അബുദാബി എക്സിക്യൂട്ടീവ് കൌണ്‍സിലിന്റേതാണ് തീരുമാനം.

ട്രാന്‍സിറ്റ് യാത്രക്കാര്‍ ഒഴികെ എല്ലാവരില്‍ നിന്നും 35 ദിര്‍ഹം യൂസേഴ്സ് ഫീ ഈടാക്കും. എന്നാല്‍ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യൂസേഴ്സ് ഫീ നല്‍കേണ്ടതില്ല. യുഎഇ മേഖലയിലെ ഏറ്റവും സുപ്രധാന വിമാനത്താവളമായി അബുദാബി രാജ്യാന്തര വിമാനത്താവളം അതിവേഗം വളരുകയാണ്. ഈ വര്‍ഷം മാര്‍ച്ചു വരെ അറുപത് ലക്ഷത്തോളം പേരാണ് അബുദാബി വിമാനത്താവളം വഴി സഞ്ചരിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍