ഹിതപരിശോധന എന്നാണെന്നു പോലും അറിയാതെ ബ്രിട്ടീഷ് വോട്ടര്‍മാര്‍
Friday, June 17, 2016 8:19 AM IST
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധനയുടെ തീയതി പോലും അറിയാത്തവരാണ് ബ്രിട്ടീഷ് വോട്ടര്‍മാരില്‍ 25 ശതമാനം പേരുമെന്ന് സര്‍വേ ഫലം.

23നു നടക്കാനിരിക്കുന്ന വോട്ടെടുപ്പിനു ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വരെ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴത്തെ അവസ്ഥയാണിത്.

അതേസമയം, ഈ കണക്ക് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്നതുമാണ്. കാരണം. ബ്രിട്ടന്‍ പുറത്തുപോകണം എന്നു പറയുന്നവര്‍ക്കിടയിലാണ് ഡേറ്റ് അറിയാത്തവര്‍ കൂടുതലുള്ളത്. ഏറ്റവും പുതിയ സര്‍വേകള്‍ അനുസരിച്ച്, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കണമെന്ന വാദത്തിനാണ് വ്യക്തമായ ലീഡ് ഉള്ളത്.

ഇതിനിടെ, ഹിതപരിശോധനയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാന്‍ ഫെയ്സ്ബുക്ക് നല്‍കിയിരുന്ന സ്റാറ്റ് അപ്ഡേറ്റ് ഓപ്ഷന്‍ പിന്‍വലിച്ചു. ബ്രിട്ടനിലും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള ഉപയോക്താക്കള്‍ക്ക് ഇതു നല്‍കിയിരുന്നതാണ്. വോട്ടിന്റെ വൈകാരികത കണക്കിലെടുത്താണ് പിന്‍വലിക്കുന്നതെന്നു അധികൃതര്‍ അറിയിച്ചു.

ബ്രെക്സിറ്റ് സംഭവിച്ചാല്‍, നിലവില്‍ യൂറോപ്പിന്റെ അനൌദ്യോഗിക ബാങ്കിംഗ് തലസ്ഥാനമായ ലണ്ടന് ആ സ്ഥാനം നഷ്ടമാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു. പകരം, ഫ്രാങ്ക്ഫര്‍ട്ട് പോലെ മറ്റേതെങ്കിലും യൂറോപ്യന്‍ നഗരത്തിലേക്ക് അതു മാറുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍