ട്രംപ് ഡാളസില്‍: അമേരിക്കയുടെ സുരക്ഷിതത്വം പരമപ്രധാന ലക്ഷ്യം
Friday, June 17, 2016 6:19 AM IST
ഡാളസ്: റിപ്പബ്ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു ഡാളസില്‍ ഉജ്വല സ്വീകരണം. ജൂണ്‍ 16നു ന്യൂയോര്‍ക്ക് സിറ്റിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണു ട്രംപ് ഡാളസിലെത്തിയത്.

ഉച്ചകഴിഞ്ഞ് 2.30ഓടെ ലൌവ്ഫീല്‍ഡ് വിമാനത്താവളത്തിലെത്തിയ ട്രംപ്, നേരെ തൊട്ടടുത്തുളള തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തിലാണ് ആദ്യം പങ്കെടുത്തത്. ഹൈലാന്‍ഡ് ഹോട്ടലിലെ യോഗത്തില്‍ പങ്കെടുക്കുന്നതിന് 500 മുതല്‍ 250,000 ഡോളര്‍ വരെയുളള ടിക്കറ്റുകള്‍ മുന്‍കൂട്ടി നല്‍കിയിരുന്നു. തുടര്‍ന്നു സൌത്ത് സൈഡ് സോള്‍ റൂമില്‍ ഒത്തുചേര്‍ന്ന നാലായിരത്തില്‍പരം അംഗങ്ങളെ ട്രംപ് അഭിസംബോധന ചെയ്തു. അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണു പരമപ്രധാന ലക്ഷ്യമെന്നു ട്രംപ് വ്യക്തമാക്കി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ട്രംപ് അനുകൂലികളും പ്രതിഷേധക്കാരും പരസ്പരം ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിനു പോലീസ് ഇരുവിഭാഗങ്ങള്‍ക്കും നടുവില്‍ നിലയുറപ്പിച്ചിരുന്നു.

ടെക്സസ് പ്രൈമറിയില്‍, ടെക്സസില്‍നിന്നുളള ടെസ് ക്രൂസാണു വിജയി ച്ചിരുന്നതെങ്കിലും പൊതു തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസില്‍ ഹില്ലരിയെ പരാജയപ്പെടുത്തുമെന്നു ട്രംപ് പ്രഖ്യാപിച്ചത് ശ്രോതാക്കള്‍ ഏറെ കരഘോഷത്തോടെയാണു സ്വീകരിച്ചത്.

ട്രംപിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും പോലീസ് അവരെ പിടിച്ചു പുറത്താക്കി. ഭരണഘടനാ സെക്കന്റ് അമന്റ്മെന്റ് സംരക്ഷിക്കുമെന്നും ഭീകരരുമായി അടുപ്പമുളള രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്നും മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നും ട്രംപ് തന്റെ മുന്‍നിലപാട് ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍