സൂര്യാതപം: ഡാളസിലെ ആദ്യ മരണം സ്ഥിരീകരിച്ചു
Friday, June 17, 2016 6:19 AM IST
ഡാളസ്: സൂര്യാതാപമേറ്റ് ആദ്യ മരണം ഡാളസ് കൌണ്ടി അധികൃതര്‍ ജൂണ്‍ 16നു സ്ഥിരീകരിച്ചു. ജൂണ്‍ 15 (ബുധന്‍) മുതല്‍ 18 (ശനി) എട്ടു വരെ നോര്‍ത്ത് ടെക്സസില്‍ കഠിന ചൂട് അനുഭവപ്പെടുമെന്നു കലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കി. 90 മുതല്‍ 105 ഡിഗ്രിവരെ ചൂട് ഉയരുമെന്നാണു നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്.

ഇതിനിടെ സൂര്യാതപത്തില്‍നിന്നു സംരക്ഷണം ലഭിക്കുന്നതിനും സൂര്യാതപ മേറ്റാല്‍ എന്തു ചെയ്യണമെന്നുളള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കി.

ശരീരം വിയര്‍ക്കല്‍, വിറയല്‍, തലവേദന, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ 911 വിളിച്ച് ആശുപത്രിയില്‍ എത്തുകയോ, അടുത്തുളളവരോടു സഹായമഭ്യര്‍ഥിക്കുകയോ വേണമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

തുറസായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കരുതെന്നും ധാരാളം വെളളം കുടിക്കണമെന്നും കനം കൂടിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍