സ്വവര്‍ഗ ദമ്പതികളുടെ കുട്ടിക്ക് ജര്‍മന്‍ പൌരത്വം അനുവദിച്ചു
Thursday, June 16, 2016 8:18 AM IST
ബെര്‍ലിന്‍: സ്വവര്‍ഗ ദമ്പതികളുടെ കുട്ടികളുമായി ബന്ധപ്പെട്ടു തീരെ അയവില്ലാത്ത നിയമങ്ങളാണ് ജര്‍മനിയില്‍ നിലവിലുള്ളത്. എന്നാല്‍, സ്വവര്‍ഗ വിവാഹത്തിനും ബന്ധങ്ങള്‍ക്കും സമ്പൂര്‍ണ അംഗീകാരമുള്ള ഒരു രാജ്യത്തുനിന്ന് അത്തരം ബന്ധത്തിലുള്ള ഒരു കുട്ടിയുമായി വരുന്നവരെ എങ്ങനെ നിയമം കൈകാര്യം ചെയ്യും?

ഈ ചോദ്യത്തിന് ഒരു ജര്‍മന്‍ കോടതി ഉത്തരം നല്‍കിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍നിന്നു വന്ന സ്വവര്‍ഗപ്രേമികളായ രണ്ടു സ്ത്രീകളുടെ കുട്ടിക്ക് ജര്‍മന്‍ പൌരത്വം നല്‍കാനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

സ്വവര്‍ഗപ്രേമികളുടെ കുടുംബ അവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിധിയായി ഇതു കണക്കാക്കപ്പെടുന്നു.

ദക്ഷിണാഫ്രിക്കയിലാണ് ഈ സ്ത്രീകള്‍ വിവാഹിതരായത്. അവരുടെ കുട്ടിക്ക് അവിടെ ആ രീതിയില്‍ തന്നെ അംഗീകാരവും ലഭിച്ചിരുന്നു. എന്നാല്‍, ജര്‍മനിയില്‍ പാര്‍ട്ണര്‍ഷിപ്പ് രജിസ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ജര്‍മന്‍ പൌരത്വം നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.

ഇതെത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍