ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണം: ബെര്‍ണി സാന്‍ഡേഴ്സ്
Thursday, June 16, 2016 6:19 AM IST
വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കുന്നതിനും നിലവിലുള്ള ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥിയും വെര്‍മോണ്ടു സെനറ്റുമായ ബെര്‍ണി സാന്‍ഡേഴ്സ്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അടിസ്ഥാന മാറ്റത്തിനു സമയം അതിക്രമിച്ചിരിക്കുകയാണെന്നുംജൂണ്‍ 14നു വാഷിംഗ്ടണില്‍ ബെര്‍ണി ചൂണ്ടിക്കാട്ടി.

ബെര്‍ണി സാന്‍ഡേഴ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു പ്രചരിപ്പിക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഡെബി വസര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് ബെര്‍ണി ഉന്നയിച്ചിരിക്കുന്നത്. ഡെമോക്രാറ്റില്‍ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് പാര്‍ട്ടിക്ക് ആവശ്യമായിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പു രംഗത്തുനിന്ന് പിന്മാറുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സാന്‍ഡേഴ്സ് വിസമ്മതിച്ചു.

2008ല്‍ നടന്ന നാഷണല്‍ കണ്‍വന്‍ഷനില്‍ ക്ളിന്റണ്‍, ബറാക് ഒബാമയുടെ പേരു നിര്‍ദേശിച്ചതുപോലെ ഹില്ലരിയുടെ പേര് നിര്‍ദ്ദേശിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ബെര്‍ണി ശ്രമിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നും ഔദ്യോഗികമായി പിന്മാറ്റം ഇതുവരെ പ്രഖ്യാപിക്കാത്ത സാന്‍ഡേഴ്സ് ഏതറ്റംവരെ പോകുമെന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍