ഹോളി ഖുര്‍ആന്‍ മത്സരം: മുഹമ്മദ് താഹ മഹബൂബ് ഇന്ത്യയെ പ്രതിനിധീകരിക്കും
Thursday, June 16, 2016 6:16 AM IST
ദുബായി: ദുബായില്‍ ജൂണ്‍ 20നു (തിങ്കള്‍) നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ വിദ്യാര്‍ഥി മുഹമ്മദ് താഹ മഹബൂബ് പങ്കെടുക്കും.

മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാഡമി തിരുമുറ്റത്തുനിന്ന് ഇന്ത്യയുടെ പ്രതിനിധിയായി ഇരു കണ്ണിനും കാഴ്ച ഇല്ലാത്ത മുഹമ്മദ് താഹ മഹബൂബ് ദുബായി ഗവണ്‍മെന്റിന്റെ ക്ഷണ പ്രകാരം ആദ്യമായാണ് മത്സരത്തിനെത്തുന്നത്. ഖുര്‍ആന്‍ മുഴുവനും അക കണ്ണിനാല്‍ മനഃപ്പാഠമാക്കിയ വിദ്യാര്‍ഥിയെ വിമാന താവളത്തില്‍ ഹോളി ഖുര്‍ആന്‍ കമ്മിറ്റി പ്രതിനിധികള്‍ ചേര്‍ന്നു സ്വീകരിച്ചു.

തിരൂര്‍ ഒമാച്ചപുഴ വരിക്കോട്ടില്‍ കുടുംബാംഗമാണ് മുഹമ്മദ് താഹ മഹബൂബ്. മഅദിന്‍ പെരുമ്പറമ്പ് ദഅവ വിദ്യാര്‍ഥിയായ അനുജന്‍ ഹസനും അന്ധനാണ്.

മഅദിന്‍ നല്‍കുന്ന കാരുണ്യപ്രവര്‍ത്തനത്തിന്റെ ഫലമായി ബ്ളൈന്‍ഡ് സ്കൂളില്‍ നിന്ന് ബ്രയില്‍ ലിബിയില്‍ പ്രാവീണ്യം നേടിയാണ് ഖുര്‍ആന്‍ പഠനത്തിനു മുതിര്‍ന്നത്. ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡു കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച മഅദിന്‍ അകാഡമി, ഇന്ത്യയുടെ പ്രതിനിധിയായി മുഹമ്മദ് താഹ മഹബൂബിനെയാണ് പരിഗണിച്ചത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ പഠനത്തിനു കൂടുതല്‍ താല്പര്യം ഉണ്ടായതിനാല്‍ മനഃപ്പാഠമാക്കാന്‍ നാലാം ക്ളാസ് മുതല്‍ ബ്രൈലി മുസ്ഹഫ് ഉപയോഗപ്പെടുത്തി. മൂന്നര വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മനഃപ്പാഠമാക്കി ഹാഫിളായി. അധ്യാപകരുടെ പ്രോത്സാഹനം വഴി അറബിക്, ഇംഗ്ളീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ സ്വായത്തമാക്കി. ഒഴിവു സമയത്തിലെ ഹോബി ഖുര്‍ആന്‍ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ പാടലുമാണ്. ഇന്ത്യയില്‍ ബാംഗളൂരുവില്‍ മത്സരിക്കാനും കഴിവു തെളിയിക്കാനും മഅദിന്‍ വഴി അവസരം കിട്ടിയ മുഹമ്മദ് താഹ മഹബൂബിനു ആദ്യമായാണ് രാജ്യത്തിന്റെ പുറത്തു കഴിവു മാറ്റുരയ്ക്കാന്‍ അവസരം കിട്ടിയത്.

ലോകത്തിലെ അറിയപ്പെട്ട ദുബായി അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ അവസരം ലഭിച്ചതില്‍ അല്ലാഹുവിനോട് നന്ദി പറയുകയാണ് അന്ധനായ ഇന്ത്യന്‍ പ്രതിനിധി. ഖലീല്‍ തങ്ങളുടെ ആശിര്‍വാദം കൊണ്ട് ഭാവിയില്‍ നല്ല ഒരു ഖുര്‍ആന്‍ പണ്ഡിതനാവാനാണ് മുഹമ്മദ് താഹ ആഗ്രഹിക്കുന്നത്. ദുബായില്‍ വിവിധ രാജ്യങ്ങളിലുള്ള മത്സരാര്‍ഥികളുമായി സഹവസിക്കാന്‍ കഴിയുന്നത് വളരെ സന്തോഷം ഉണ്െടന്നും ഇതിനു അവസരം നല്‍കിയ ഭരണാധികാരികളോട് ആദരവ് ഉള്ളതായും മുഹമ്മദ് താഹ പറഞ്ഞു.

മുഹമ്മദ് താഹ മഹബൂബിനോടൊപ്പം ബിലാലുല്‍ ഇമാനി (നെതര്‍ലന്‍ഡ്സ്), മുജ്തബ അലി രിലാലു (ഇറാന്‍), അബ്ദുള്ള ബിന്‍ ഖലീഫ ബിന്‍ അദീം (ഒമാന്‍), ഹാമിദുല്‍ ബശായിര്‍ (കാമറൂണ്‍), ഇസ്മായില്‍ ദൂംബിയ (കോട് ദിവോരി ഇഛഠ ഉകഢഛകഞഋ), അഹമദ് ജമാല്‍ അഹമദ് (കെനിയ), അബ്ദുള്ള സുലൈമാന ബാഹ് (സിര്ര ലിയോന്‍) എന്നിവരാണ് മത്സരത്തിലെ മറ്റു പങ്കാളികള്‍.

റിപ്പോര്‍ട്ട്: ഹംസ സീഫോര്‍ത്ത്