ഒര്‍ലാന്‍ഡോ സംഭവം : തോക്കുവാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധന
Tuesday, June 14, 2016 8:29 AM IST
ഡാളസ്: ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവയ്പില്‍ 50 പേര്‍ മരിക്കുകയും അതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനുശേഷം തോക്കു വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതായി ഡാളസില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോര്‍ട്ട്വര്‍ത്തിലുളള തോക്കു വില്പന സ്റോറുകളില്‍ സ്റോക്ക് വര്‍ധിപ്പിക്കുവാനുളള ശ്രമത്തിലാണു കടയുടമകള്‍. ഒര്‍ലാന്‍ഡോ വെടിവയ്പിനുശേഷം തിങ്കളാഴ്ച സ്റോറുകള്‍ തുറന്നപ്പോള്‍ വില്പന കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടതായി ഉടമകള്‍ പറയുന്നു.

വാള്‍സ്ട്രീറ്റില്‍ തോക്കു ഉത്പാദന കമ്പനിയായ സ്മിത്ത് വെസ്സണ്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ഷെയര്‍വിലയില്‍ ഏഴു ശതമാനം വര്‍ധന രേഖപ്പെടുത്തി. മറ്റൊരു കമ്പനിയായ സ്ട്രം റഗര്‍ കമ്പനിയുടെ ഷെയറില്‍ ഒന്‍പതു ശതമാനമാണ് വര്‍ധനവ്.

2012ല്‍ ഉണ്ടായ സാന്റി ഹുക്ക് എലിമെന്ററി സ്കൂള്‍ വെടിവയ്പിനുശേഷം 80 ശതമാനം സ്റോക്കില്‍ വര്‍ധനവുണ്ടായതായി എഫ്ബിഐ ചാര്‍ട്ടില്‍ നിന്നും വ്യക്തമാണ്. ഡാളസിലെ ബ്രെ ആര്‍മി സ്റോറില്‍ തിങ്കളാഴ്ച സാധാരണയില്‍ കവിഞ്ഞ തിരക്കായിരുന്നുവെന്നു ഉടമ കീത്ത് ബ്രെ പറഞ്ഞു.

കഴി!ഞ്ഞ വര്‍ഷം 8.9 മില്യന്‍ ജനങ്ങളാണ് തോക്ക് ലൈസന്‍സിനുളള ബാക്ക് ഗ്രൌണ്ട് ചെക്കിംഗിനു അപേക്ഷ നല്‍കിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 11.7 മില്യണ്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. തോക്ക് ലഭിക്കുന്നതിനു കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്െടങ്കിലും അപേക്ഷകരുടെ എണ്ണത്തിലുളള വര്‍ധനവ് ഏറെ ആശങ്കയുളവാക്കുന്നതാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍