ഈഫല്‍ ടവറിനു ദിനംപ്രതി നിറം മാറും
Monday, June 13, 2016 8:16 AM IST
പാരീസ്: ലോകാദ്ഭുതങ്ങളില്‍ ഒന്നായ പാരീസിലെ ഈഫല്‍ ടവറിന്റെ നിറം എന്തെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ള. ഇരുണ്ട കറുത്ത നിറം. എന്നാല്‍ യൂറോകപ്പിന്റെ 15-ാം എഡിഷന്‍ അരങ്ങേറുന്ന പാരീസില്‍ ഇത്തവണ ഇതിനൊരു മാറ്റം വന്നിരിക്കുന്നു. യൂറോ കപ്പ് തുടങ്ങിയ ജൂണ്‍ പത്തുമുതല്‍ ജൂലൈ 10 വരെ ഈഫല്‍ ടവറിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാവും.

ഉദ്ഘാടന ദിവസത്തെ മല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് ജയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സിന്റെ പതാകയുടെ നിറമായ നീലയും വെള്ളവും ചുവപ്പും നല്‍കിയത്. വൈദ്യുതിയുടെ അകമ്പടിയോടെ ലക്ഷം ബള്‍ബുകള്‍ കോര്‍ത്തിണക്കിയാണ് ടവര്‍ അലങ്കരിച്ചിരിക്കുന്നത്. രാപ്പകല്‍ ഭേദമെന്യേ ടവര്‍ ദീപാലങ്കാരത്താല്‍ വര്‍ണോജ്ജ്വലമാവും.

എന്നാല്‍ യൂറോകപ്പ് ടൂര്‍ണമെന്റിനു കന്നിക്കാരായി എത്തി ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ച വെയില്‍സ് ടീമിന്റെ പതാകയുടെ നിറമാണ് ശനിയാഴ്ച മുതല്‍ ഈഫല്‍ ടവറില്‍ തെളിയുന്നത്. വെയില്‍സിന്റെ നിറമായ വെള്ളയും പച്ചയും നല്‍കി ഓട്ടോമാറ്റിക് സംവിധാനത്തില്‍ ടവറില്‍ പ്രകാശിക്കുന്നതുകാണാന്‍ സന്ദര്‍ശകരുടെ ബാഹുല്യം പാരീസില്‍ ഏറുകയാണിപ്പോള്‍. ടൂര്‍ണമെന്റില്‍ വെയില്‍സിന്റെ ചരിത്രവിജയത്തോടുള്ള ബഹുമാനമാണ് ഈഫല്‍ ടവറിലൂടെ ഫ്രഞ്ചുകാര്‍ പ്രകടമാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍