ഫാമിലി കോണ്‍ഫറന്‍സില്‍ സസംഗീത സന്ധ്യയുമായി ജോസഫ് പാപ്പന്‍
Monday, June 13, 2016 6:09 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 13, 14, 15, 16 (ബുധന്‍, വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടത്തുന്ന നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസം സംഗീത വഴികളില്‍ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഏയ്ഞ്ചല്‍ മെലഡീസ് സാരഥി റെജി എന്ന ജോസഫ് പാപ്പന്‍ സംഗീത സന്ധ്യ ഒരുക്കും. വൈകുന്നേരം ഐലന്‍ഡില്‍ ഓണേഴ്സ് ഹെവന്‍ റിസോര്‍ട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.

റെജിയോടൊപ്പം സജി കോശി, മിനി കോശി, ബൈജു ഡേവിഡ്, ഏയ്ഞ്ചല്‍ ജോസഫ്, അഞ്ജലി ജോസഫ്, എലൈനാ ഏലിയാസ് എന്നിവരും പങ്കു ചേരും.

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു ന്യൂയോര്‍ക്ക് മലയാളികള്‍ റെജിയെ ആദരിച്ചിരുന്നു. വൈദികരടക്കം നിരവധി പേര്‍ സംബന്ധിച്ച ചടങ്ങില്‍ പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ് എന്നിവരും പങ്കെടുത്തു. കീബോര്‍ഡ് കലാകാരന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, സംഗീത അധ്യപകന്‍, ഓര്‍ക്കസ്ട്ര സംവിധായകന്‍ തുടങ്ങിയ നിലകളില്‍ നൈപുണ്യം തെളിയിച്ചിട്ടുളള റെജി വിവാഹ ക്വയര്‍, ഫ്യൂണര്‍ സര്‍വീസ് ക്വയര്‍, ആരാധന ക്വയര്‍, കണ്‍വന്‍ഷന്‍ ക്വയര്‍ തുടങ്ങി നിരവധി ഡിവോഷണല്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് അമേരിക്കയിലുടനീളം സഞ്ചരിച്ചു വരുന്നു.

വിവരങ്ങള്‍ക്ക് : ഡോ. ജോളി തോമസ് 908 499 3524

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍