ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ തിരുവുത്സവം ആഘോഷിച്ചു
Saturday, June 11, 2016 7:27 AM IST
നെയ്റോബി: കെനിയയിലെ പാര്‍ക്ക്ലാന്റ്സ് ശ്രീ റാം മന്ദിര്‍ കോംപ്ളക്സിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ പതിനാലാമത് തിരുവുത്സവം മേയ് 26 മുതല്‍ 29 വരെ ആഘോഷിച്ചു.

നാലു ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങള്‍ക്ക് കേരളത്തില്‍നിന്നുമുള്ള കലാകാരന്മാരും തന്ത്രികളും പങ്കെടുത്തു.

ആദ്യ ദിവസം സ്റാര്‍ സിംഗര്‍ മാളവിക അനില്‍കുമാര്‍, മാഞ്ഞൂര്‍ രഞ്ജിത് (വയലിന്‍), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം), ഹരികുമാര്‍ പെരുന്ന (മൃദംഗം) എന്നിവരുടെ സെമിക്ളാസിക്കല്‍ സംഗീത സന്ധ്യയോടെയാണ് പരിപടികള്‍ക്കു തുടക്കം കുറിച്ചത്. ഓച്ചിറ ശിവദാസന്‍ ആന്‍ഡ് ട്രൂപ്പിന്റെ നാദസ്വര കച്ചേരിയും പരിപടികള്‍ക്കു മാറ്റുകൂട്ടി. ട്രസ്റീസ് ഗോപകുമാര്‍, സത്യമുര്‍ത്തി, വേലായുധന്‍ എന്നിവര്‍ അതിഥികളെ പോന്നാടയണിയിച്ച് ആദരിച്ചു.

കൈമുക്കുമന ജാദവേദന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി, കൃഷ്ണകുമാര്‍ നമ്പൂതിരി (നെയ്റോബി), ഷാജു നമ്പൂതിരി (നെയ്റോബി) എന്നിവര്‍ പൂജകള്‍ക്കു നേതൃത്വം നല്കി. ശബരിമലയിലെ കഴിഞ്ഞ വര്‍ഷത്തെ തന്ത്രി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയുടെ സാന്നിധ്യം തിരുവുത്സവത്തിനു ദൈവിക ചൈതന്യം പകര്‍ന്നു. മഹസുധര്‍ശന ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, കലശപൂജ, അഷ്ടാഭിഷേകം, നവഗ്രഹ പൂജ, പടിപൂജ തുടങ്ങിയ പൂജകള്‍ നെയ്റേബിയിലെ ഭക്തരുടെ നിറസാനിധ്യത്തില്‍ നടന്നു. അവസാന ദിവസം നടന്ന പടിപൂജ, പള്ളിവേട്ട, എഴുന്നുള്ളത് എന്നിവ ഭക്തതജന പങ്കാളിത്തംകൊണ്ട് ജന ശ്രദ്ധ നേടി.

പ്രതാപ് കുമാര്‍ (ചെയര്‍മാന്‍), രാജേന്ദ്ര പ്രസാദ് (സെക്രട്ടറി), ശിവദാസ് (വൈസ് ചെയര്‍മാന്‍), സോമദാസ് (വൈസ് ചെയര്‍മാന്‍), രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുവുത്സവത്തിനു ചുക്കാന്‍ പിടിച്ചത്.

റിപ്പോര്‍ട്ട്: റാഫി പോള്‍