ഡബ്ള്യുഎംസി ദ്വൈ വാര്‍ഷിക സമ്മേളനം: ഫിലഡല്‍ഫിയയില്‍ കിക്ക് ഓഫ് ചെയ്തു
Saturday, June 11, 2016 7:25 AM IST
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ജൂണ്‍ 25നു (ശനി) നടത്തുന്ന അമേരിക്കന്‍ റീജണിന്റെ പത്താമത് ദ്വൈ വാര്‍ഷിക സമ്മേളനത്തിന്റെ ആതിഥേയരായ ഫിലഡല്‍ഫിയ പ്രൊവിന്‍സില്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ജൂണ്‍ അഞ്ചിനു വിവിധ ചടങ്ങുകളോടെ നടന്നു.

ബക്സ് കൌണ്ടി അസിസ്റന്റ് ഡിസ്ട്രിക് അറ്റോര്‍ണി ജോവിന്‍ ആറ്റുപുറം, സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സാബു ജോസഫില്‍ നിന്ന് ആദ്യ രജിസ്ട്രേഷന്‍ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

ഡബ്ള്യുഎംസി അമേരിക്കയിലും ഇന്ത്യയിലും നടത്തി വരുന്ന സാമൂഹിക ക്ഷേമപരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി സാബു ജോസഫ് യോഗത്തില്‍ വിശദീകരിച്ചു. അതോടൊപ്പം സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടേയും സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അറ്റോര്‍ണി ജോവിന്‍ ആറ്റുപുറത്തെ അദ്ദേഹം അഭിനന്ദിച്ചു. സമ്മേളനത്തില്‍ പ്രൊവിന്‍സ് ചെയര്‍പേഴ്സന്‍ മേരി ജോസഫ്, പ്രസിഡന്റ് രാജു പടയാട്ടില്‍, ജോര്‍ജ് പനക്കല്‍, സജി സെബാസ്റ്യന്‍, ജോജി ചെറുവളളില്‍, ജോസ് പാലത്തിങ്കല്‍, പൌലോസ് ജേക്കബ്, മഞ്ജു ചെറുവേലില്‍, ജോസ് ആറ്റുപുറം, സ്വപ്നാ സജി തുടങ്ങിയവര്‍ സംസാരിച്ചു. മെര്‍ലി പാലത്തിങ്കല്‍ എംസിയായി ആയിരുന്നു.

സമ്മേളനത്തിന്റെ റീജണല്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് മേയ് ഏഴിനു ന്യൂജേഴ്സിയിലെ എഡിസന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗ്ളോബല്‍ പ്രസിഡന്റ് ഐസക് ജോണ്‍ പട്ടാണി പുരക്കലില്‍ നിന്നും ഡോ. ശ്രീധര്‍ കാവില്‍, സാബു ജോസഫ് എന്നിവര്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. ന്യൂയോര്‍ക്ക്, ഒക്ലഹോമ, ഡാളസ് തുടങ്ങിയ പ്രൊവിന്‍സുകളിലും രജിസ്ട്രേഷന്‍ കിക്ക് ഓഫ് ഭംഗിയായി നടന്നു. രജിസ്ട്രേഷന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നു രജിസ്ട്രേഷന്‍ കോഓര്‍ഡിനേറ്റര്‍ രുഗ്മിണി പത്മകുമാര്‍ അറിയിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി ഒരുക്കങ്ങള്‍ നടന്നു വരുന്നതായി കോഓര്‍ഡിനേറ്റര്‍ തങ്കമണി അരവിന്ദന്‍, പി.സി. മാത്യു, പിന്റോ ചാക്കോ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി