ഓസ്ട്രേലിയയിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മ ശക്തമാക്കുക: മാര്‍ ജോര്‍ജ് ആലഞ്ചേരി
Saturday, June 11, 2016 7:24 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷനും മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശംസ അറിയിച്ചു.

സെപ്റ്റംബര്‍ 17 മുതല്‍ 20 വരെ മെല്‍ബണില്‍ നിന്നും താസ്മേനിയായിലേക്ക് നടത്തുന്ന ക്നാനായ കുടിയേറ്റ അനുസ്മരണ യാത്ര വഴി ഓസ്ട്രേലിയായിലെ ക്നാനായ സമൂഹത്തിന്റെ കൂട്ടായ്മ ശക്തമാക്കുന്നതിനും സീറോ മലബാര്‍ സഭയോടു ചേര്‍ന്ന് ആധ്യാത്മിക വളര്‍ച്ച പ്രാപിക്കാനും ഓസ്ട്രേലിയായിലെ ക്നാനായ സമൂഹത്തിനു കഴിയട്ടെ എന്നും ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രക്ക് സീറോ മലബാര്‍ സഭയുടെ എല്ലാ പ്രാര്‍ഥനകളും നേരുന്നതായും മാര്‍ ആലഞ്ചേരി ആശംസിച്ചു. കാക്കനാട്ട് സെന്റ് തോമസ് മൌണ്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ കോട്ടയം അതിരൂപതാംഗവും യുകെകെസിഎയുടെ മുന്‍ ചാപ്ളെയിന്‍ ഫാ. സിറിയക്ക് മറ്റം, ക്നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ പബ്ളിസിറ്റി ചെയര്‍മാന്‍ റെജി പാറയ്ക്കന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.