യൂറോപ്പില്‍ വിശേഷങ്ങള്‍ ഇനിയെല്ലാം യൂറോമയം
Thursday, June 9, 2016 8:17 AM IST
പാരീസ്: യൂറോകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ ആരവം ഉയരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ആതിഥേയ രാജ്യമായ ഫ്രാന്‍സും യൂവേഫയും കയ്യും മെയ്യും മറന്നുള്ള തയാറെടുപ്പുകളാണു നടത്തിയിരിക്കുന്നത്. ജൂണ്‍ 10നു (വെള്ളി) വൈകിട്ട് പ്രാദേശിക സമയം ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. രാത്രി ഒന്‍പതിന് ആതിഥേയരായ ഫ്രാന്‍സും റൊമേനിയയും തമ്മിലാണ് ആദ്യമല്‍സരം. ഫ്രാന്‍സിലെ ഏറ്റവും വലിയ സ്റേഡിയമായ സെന്റ് ഡെന്നീസാണ് വേദി. ഇവിടെ 82,000 കാണികള്‍ക്കു കളി കാണാനുള്ള സൌകര്യമുണ്ട്.

ബോള്‍ ബെയൊ ശേ

ഫ്രഞ്ച് ദേശീയ പതാകയിലെ ത്രിവര്‍ണങ്ങളായ നീല വെള്ള ചുവപ്പു എന്നിവയുടെ സങ്കലനത്തിലാണ് ഇത്തവണത്തെ യൂറോ ബോള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രഞ്ചു ഭാഷയില്‍ മനോഹരമായ കളി, (ആലമൌശേളൌഹ ഏമാല) എന്നര്‍ഥം വരുന്ന 'ബെയൊ ശേ' എന്ന പേരാണു പന്തിനു നല്‍കിയിരിക്കുന്നത്. മള്‍ട്ടിനാഷണല്‍ കമ്പനിയായ ജര്‍മനിയിലെ അഡിഡാസ് ആണ് ബോളിന്റെ നിര്‍മാതാക്കള്‍.

മല്‍സരത്തില്‍ ഗോള്‍ലൈന്‍ ടെക്നോളജി

ഇത്തവണത്തെ യൂറോ മല്‍സരം ഗോള്‍ലൈന്‍ ടെക്നോളജി (ഗോള്‍ ഡിസിഷന്‍ സിസ്റം) എന്ന അത്യന്താധുനിക സാങ്കേതിക മികവിലായിരിക്കും അരങ്ങേറുന്നത്.

ഗോള്‍വര കടക്കുന്ന പന്തിനെ സൂക്ഷ്മമായി കാമറക്കണ്ണിലാക്കുക എന്നതാണ് ഗോള്‍ലൈന്‍ ടെക്നോളജിയുടെ ലക്ഷ്യം. ഇതോടെ ഗോള്‍ നിശ്ചയിക്കുന്നതില്‍ റഫറിക്കോ, ലൈന്‍ അമ്പയര്‍മാര്‍ക്കോ ഉണ്ടാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാനും തര്‍ക്കങ്ങള്‍ക്ക് പെട്ടെന്നു പരിഹാരം കാണുന്നതിനുമുള്ള വഴിയൊരുങ്ങും.

2012 ല്‍ ആരംഭിച്ചതാണ് ഗോള്‍ലൈന്‍ ടെക്നോളജി. കഴിഞ്ഞ ലോകകപ്പില്‍ പുതിയ പരീക്ഷണാര്‍ഥം ഫിഫ ഇത് നടപ്പാക്കിയിരുന്നു. ഇപ്രാവശ്യം യുവേഫ കപ്പിനും ഗോള്‍ലൈന്‍ ടെക്നോളജി പ്രാബല്യത്തിലാവും.

ഇംഗ്ളീഷ് പ്രീമിയര്‍ലീഗ്, ബുണ്ടസ് ലീഗാ, ഇറ്റാലിയന്‍ സീരീസ് എന്നീ ടൂര്‍ണമെന്റുകളില്‍ ഈ സിസ്റം പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായിരുന്നു. അതുകൊണ്ടുതന്നെ ഈ സാങ്കേതികവിദ്യ മേലില്‍ ഫുട്ബോളിന് ഒഴിച്ചുകൂടാന്‍ വയ്യാത്തതാവുന്നു.

ഗോള്‍ ലൈന്‍ ടെക്നോളജി

ഗോള്‍ലൈന്‍ ടെക്നോളജി പ്രകാരമുള്ള മത്സരങ്ങളില്‍ പ്രത്യേകതരത്തിലുള്ള മൈക്രോചിപ്പ് ഘടിപ്പിച്ച പന്തുകളായിരിക്കും ഉപയോഗിക്കുന്നത്. ഈ ബോള്‍ സ്റേഡിയത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ഒട്ടനവധി ഹൈടെക് കാമറകള്‍, ഗോള്‍ പോസ്റുകള്‍, ചുറ്റുമുള്ള ഉപകരണങ്ങള്‍, റഫറിയുടെ കൈയിലെ പ്രത്യേകതരം വാച്ച് എന്നിവ തരംഗങ്ങള്‍ വഴിയായി ബന്ധിപ്പിച്ചിരിക്കും.

മല്‍സരം നടക്കുന്ന സ്റേഡിയങ്ങളിലെ ഓരോ ഗോള്‍ പോസ്റും വിവിധ ഹൈടെക് കാമറകളുടെ നിരീക്ഷണത്തിലായിരിക്കും. പന്ത് ഗോള്‍വര കടക്കുകയോ, വല കുലുക്കുകയോ ചെയ്യുമ്പോള്‍ പൊടുന്നനേ റഫറിക്ക് ഇതിന്റെ വിവരം ലഭിക്കും. ഇനി സഹായം വേണമെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ മല്‍സരം വീക്ഷിക്കുന്ന മൂന്നാം റഫറിയുടെ സഹകരണവും തേടി ഉടന്‍തന്നെ സംശയനിവാരണം സാധ്യമാവുകയും ചെയ്യും.

മല്‍സരത്തിനിടയില്‍ ബോള്‍ പൂര്‍ണമായും ഗോള്‍ വരകടക്കുമ്പോള്‍തന്നെ ഓട്ടോമാറ്റിക്കായി റഫറിയുടെ വാച്ചില്‍ അത് ഒരു പ്രത്യേക ശബ്ദമായും അക്ഷരമായും ഒരേ സമയം പ്രതിഫലിക്കും. അതോടെ ഗോള്‍ ഉറപ്പായി എന്ന് സംശയ രഹിതമായി സ്ഥാപിക്കാന്‍ സാധിക്കും. ഗോള്‍ലൈന്‍ ക്െനോളജിക്ക് അതിഭീമമായ തുക ചെലവഴിക്കേണ്ടതായുണ്ട്.

വ്യാജ ടിക്കറ്റിനെതിരേ കാണികള്‍ക്കു മുന്നറിയിപ്പ്

ഫ്രാന്‍സില്‍ പത്തിന് ആരംഭിക്കുന്ന യൂറോ കപ്പിനുള്ള ടിക്കറ്റുകള്‍ അനൌദ്യോഗിക വെബ്സൈറ്റുകള്‍ വഴി അനധികൃതമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ഇത്തരം ടിക്കറ്റുകളുമായി വരുന്നവര്‍ക്ക് മൈതാനങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്നും ഉപഭോക്തൃത സംരക്ഷണ സംഘടനയായ വിച്ച് ചൂണ്ടിക്കാട്ടുന്നു.

അനൌദ്യോഗിക ടിക്കറ്റുകള്‍ എടുക്കുന്നയാളുടെ ശരിയായ പേരിലോ ചിത്രം പതിച്ചോ ആവണമെന്നില്ല. ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കാര്‍ഡ് കൂടി കാണിച്ചാലേ സ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിക്കൂ. ഇത്തരം ടിക്കറ്റുകളിലെ ചിത്രവും ഐഡി കാര്‍ഡിലെ ചിത്രവും ഒന്നാകണമെന്നില്ല.

ഔദ്യോഗിക ടിക്കറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ വ്യാജ ടിക്കറ്റുകള്‍ അയ്യായിരം പൌണ്ടിനു വരെ വിറ്റഴിക്കപ്പെടുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുവേഫയില്‍നിന്നു മാത്രമാണ് ഔദ്യോഗികമായി ടിക്കറ്റ് ലഭിക്കുന്നത്. അതാവട്ടെ മുഴുവനും വിറ്റഴിഞ്ഞുതാനും. എന്നാല്‍ ടിക്കറ്റിനൊപ്പം ഐഡി കാര്‍ഡ് കാണിക്കാതെ ആര്‍ക്കും സ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാനുമാവില്ല. അതോടൊപ്പം ഒരാള്‍ വാങ്ങിയ ടിക്കറ്റ് മറ്റൊള്‍ക്കു കൈമാറാനും പാടില്ല എന്ന നിര്‍ദ്ദേശവും വ്യാജന്മാരെ ഏറെ കുഴയ്ക്കുന്നുണ്ട്.

നോ ടുബാക്കോ പോളിസി

ഇത്തവണത്തെ യൂറോകപ്പിന് പുകവലിക്കാര്‍ക്ക് മല്‍സരം നടക്കുന്ന സ്റേഡിയത്തിനുള്ളില്‍ പ്രവേശനം അസാധ്യമായിരിക്കും. കാരണം കഴിഞ്ഞകാല യൂറോ സീസണുകളില്‍നിന്നൊക്കെ വ്യത്യസ്തമായി ഇപ്രാവശ്യം യൂറോ കപ്പിനെ പുകവലി മുക്തമാക്കാനാണു യുവേഫയുടെ തീരുമാനം.

ഫ്രാന്‍സില്‍ മല്‍സരം നടക്കുന്ന പത്തു സ്റേഡിയങ്ങളും നിലവില്‍ പുകവലി വിരുദ്ധ (സ്മോക് ഫ്രീ) സ്റേഡിയമായി യുവേഫ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവഴി പുകവലിക്കെതിരെയുള്ള ബോധവത്കരണം വിപുലപ്പെടുത്തുകയാണ് ലക്ഷ്യം. സാധാരണ സിഗരറ്റുകള്‍ക്കു പുറമെ ഇ.സിഗരറ്റുകള്‍ക്കും സ്റേഡിയത്തിനകത്തും പുറത്തും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6500 സന്നദ്ധസേവകരെയാണ് ഇതിനായി യുവേഫ നിയോഗിച്ചിരിക്കുന്നത്.ഇവരെല്ലാം ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേകം പരിശീലനം നേടിയവരുമാണ്. എല്ലാ സ്റേഡിയങ്ങളിലും ഇതിനുവേണ്ട ക്രമീകരണങ്ങളും പുകയില വിരുദ്ധ മുന്നറിയിപ്പുകളും യുവേഫ നടത്തിയിട്ടുണ്ട്.

ഇംഗ്ളണ്ടിന്റെ യൂറോ കപ്പ് ജഴ്സി തുന്നിയത് ഇന്തോനേഷ്യയില്‍

യൂറോ കപ്പിനു ധരിക്കാന്‍ ഇംഗ്ളീഷ് ഫുട്ബോള്‍ ടീമിനു ജഴ്സി നല്‍കുന്നത് നൈക്കിയാണ്. എന്നാല്‍, ഇത് നിര്‍മിച്ചത് ഇന്തോനേഷ്യയിലാണെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. മണിക്കൂറിന് വെറും 95 പെന്‍സിനു തുല്യമായ ശമ്പളമാണ് അവിടെ തൊഴിലാളികള്‍ക്കു നല്‍കിയിട്ടുള്ളതെന്നും വെളിപ്പെടുത്തല്‍.

കടകളില്‍നിന്ന് ഈ ജഴ്സി വാങ്ങണമെങ്കില്‍ ആരാധകര്‍ അറുപതു പൌണ്ട് നല്‍കണം. ഇതിനാണ് തൊഴിലാളിക്ക് മണിക്കൂറിന് ഒരു പൌണ്ട് തികച്ചു നല്‍കാത്തത്. ഇന്തോനേഷ്യയിലെ സെമരാങ്ങിലുള്ള ഒരു ഫാക്ടറിയിലാണ് ജഴ്സി പൂര്‍ണമായി നിര്‍മിച്ചിരിക്കുന്നത്. ആഴ്ചയില്‍ 165 പൌണ്ടാണ് ഇവിടത്തെ തൊഴിലാളികള്‍ക്കു നല്‍കുന്ന ശമ്പളം.

സമരങ്ങള്‍ക്കു പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും

യൂറോ കപ്പിനു തുടക്കം കുറിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ആതിഥേയരായ ഫ്രാന്‍സില്‍ പ്രശ്നങ്ങള്‍ ശമനമില്ലാതെ തുടരുകയാണ്. ഭീകരാക്രമണ ഭീഷണിയായിരുന്നു ആദ്യത്തേതെങ്കില്‍, പിന്നെയത് തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരായ സമര പരമ്പരകളായി. രാജ്യത്തെ ഗതാഗത സംവിധാനമാകെ തകരാറിലാക്കിയ സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രാജ്യം ഗുരുതരമായ പ്രളയ ഭീതിയിലുമാണ്. കനത്ത മഴയെതുടര്‍ന്നു മുപ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് പ്രധാന നദികളിലെ ജല നിരപ്പ്. രാജ്യത്തെ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന 782 സ്ഥലങ്ങളെ സര്‍ക്കാര്‍ ദുരന്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സരവേദികളുള്ള നഗരങ്ങള്‍ പലതും പ്രളയക്കെടുതി നേരിടുന്നു. ഇവിടങ്ങളില്‍ നിന്നൊക്കെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കളി കാണാന്‍ ആരു വരുമെന്നതാണ് പ്രസക്തമായ ചോദ്യം. മെട്രൊ സ്റേഷനുകള്‍ പലതും ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. പോലീസ് അടക്കമുള്ള വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ യൂറോ കപ്പിനുള്ള സുരക്ഷ എങ്ങനെ ഉറപ്പിക്കാനാവുമെന്ന സംശയവും ശക്തമാണ്.

സുരക്ഷാ സംവിധാനം വര്‍ധിപ്പിച്ച് ജാഗ്രതാ നിര്‍ദേശവുമായി മൊബൈല്‍ ആപ്പും

യൂറോ കപ്പിന്റെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി മൊബൈല്‍ ആപ്പും ഫ്രഞ്ച് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് പുറത്തിറക്കി. രാജ്യത്തെ ഭീകരത സൃഷ്ടിക്കുമെന്ന് എവിടെ സംശയം ഉണ്ടായാലും മൊബൈല്‍ ആപ്പ് പ്രവര്‍ത്തിക്കുമെന്ന് മാത്രമല്ല അവിടെ ഉടനടി സുരക്ഷാ ഉദ്യോഗസ്ഥര്‍ പാഞ്ഞെത്തുന്ന രീതിയിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി രാജ്യത്തെ ഭൂമിശാസ്ത്രപരമായി എട്ടു സോണുകളായി തിരിച്ചിട്ടുണ്ട്.

ഭീകരാക്രമണം ഉണ്ടായാല്‍ തലവിധി മാറുമോ ?

യൂറോ കപ്പിനിടെയോ തൊട്ടു മുന്‍പോ ആയി ഫ്രാന്‍സില്‍ ഭീകരാക്രമണമുണ്ടാകുകയും അതില്‍ ഒരാളെങ്കിലും മരിക്കുകയോ ചെയ്താല്‍ പിന്നെ യൂറോ കപ്പ് രാജ്യത്ത് തുടര്‍ന്നു നടത്തില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍.

യൂറോ കപ്പിനായി അദ്ഭുതപൂര്‍വമായ സുരക്ഷാ സന്നാഹങ്ങള്‍ തന്നെയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഏതു സുരക്ഷയെയും അതിജീവിച്ച് ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ജിഹാദിസ്റുകള്‍ക്കുള്ള ശേഷി ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ കുറച്ചു കാണുന്നില്ല.

തൊഴില്‍ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് രാജ്യത്തു തുടരുന്ന സമര പരമ്പരകളും പ്രളയക്കെടുതിയും ഗതാഗത തടസങ്ങളുമെല്ലാം യൂറോ കപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് ഭീഷണിയാണ്. ഉദ്ഘാടനം വെള്ളിയാഴ്ചയും. കൃത്യം ഒരു മാസമാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം.

ശനിദശ : അന്റോണിയ റൂഡിഗര്‍ യൂറോ കപ്പിനില്ല

ജര്‍മന്‍ ഫുട്ബോള്‍ താരം അന്റോണിയോ റൂഡിഗര്‍ യൂറോ കപ്പിനുള്ള ടീമില്‍നിന്നു പുറത്തായി. കാല്‍മുട്ടിനേറ്റ പരിക്കാണു കാരണം. പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. എഎസ് റോമയില്‍ സെന്‍ട്രല്‍ ഡിഫന്‍ഡറായി കളിക്കുന്ന റൂഡിഗര്‍ക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇരുപത്തിമൂന്നുകാരന്റെ അഭാവം ജര്‍മന്‍ പ്രതിരോധത്തിന് കനത്ത തിരിച്ചടിയാണ്. ലൂക്കാസ് പൊഡോള്‍സ്കി, മാറ്റ്സ് ഹമ്മല്‍സ് എന്നിവരും കഴിഞ്ഞ ദിവസം പരിശീലനത്തില്‍ പങ്കെടുത്തില്ല. എന്നാല്‍, ഇവരുടെ ആരോഗ്യത്തില്‍ ആശങ്കയൊന്നുമില്ലെന്ന് ടീം അധികൃതര്‍ അറിയിച്ചു. സമി ഖേദിര, ജെറോം ബോട്ടെംങ് എന്നിവരും നേരിയ പരിക്കുകളുടെ പിടിയിലാണ്.

എന്നാല്‍ ദേശീയ ടീമിലെ ജെറോം ബോട്ടെംങ് ഇത്തവണ ഒറ്റയ്ക്കാണ് യൂറോകപ്പിനു പോകുന്നത്. സുരക്ഷയെ ഭയന്ന് ബോട്ടംങിന്റെ ഭാര്യയും അഞ്ചുയസുകാരായ ഇരട്ടക്കുട്ടികളും ഇത്തവണ മല്‍സരം കാണുന്നത് ജര്‍മനിയിലിരുന്നായിരിക്കും.

യൂറോ കപ്പിന് വീണ്ടും ഭീകരഭീഷണി

ജൂണ്‍ പത്തിന് ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിനെ ലക്ഷ്യമിട്ട് ഭീകര സംഘടനകള്‍ ആക്രമണം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യൂറോ കപ്പ് കാണാനും വേനല്‍ക്കാലം ആഘോഷിക്കാനും ഒക്കെയായി യൂറോപ്പിലെത്തുന്ന വിദേശ സഞ്ചാരികളെ ഭീകരവാദികള്‍ ലക്ഷ്യമിട്ടേക്കുമെന്നാണ് അമേരിക്കന്‍ അധികൃതരുടെ വിലയിരുത്തല്‍.

ജൂലൈ പത്ത് വരെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര സൌഹൃദ മത്സരം നടക്കുന്നതിനിടെയാണ് ഫ്രാന്‍സില്‍ ഭീകരാക്രമണ പരമ്പര തന്നെ ഉണ്ടായത്. ഇതേത്തുടര്‍ന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇനിയും പിന്‍വലിച്ചിട്ടില്ല. അദ്ഭുതപൂര്‍വമായ സുരക്ഷാ സന്നാഹങ്ങള്‍ക്കു നടുവിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഭീകര ഭീഷണി കണക്കിലെടുത്ത് ടൂര്‍ണമെന്റ് മാറ്റി വയ്ക്കുകയോ റദ്ദാക്കാനോ ഉള്ള സാധ്യത അധികൃതര്‍ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഫ്രാന്‍സില്‍ ചോരപ്പുഴ ഒഴുക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ വീണ്ടും ഒരുങ്ങിയതായിട്ടുള്ള ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് സംഘാടകരെ ഏറെ കുഴയ്ക്കുന്നു. കഴിഞ്ഞ മാസം യുക്രെയ്നില്‍ അറസ്റിലായ ഫ്രഞ്ചുകാരന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇക്കാര്യം സ്ഥിരീകരിക്കുകയാണ്. വന്‍ ആയുധശേഖരങ്ങളുമായി പിടിയിലായ ഇരുപത്തഞ്ചുകാരനായ എം. ഗ്രിഗോയിര്‍ എന്ന യുവാവിന്റെ ഏറ്റുപറച്ചിലില്‍ യൂറോ കപ്പ് നടക്കുമ്പോള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായിട്ടാണ് പോലീസ് വെളിപ്പെടുത്തല്‍. ആദ്യം ഇക്കാര്യം യുക്രെയ്ന്റെ സുരക്ഷാ ഏജന്‍സിയാണ് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍