പാപ്പുവ ന്യൂഗിനിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവയ്പ്
Thursday, June 9, 2016 1:07 AM IST
സിഡ്നി: പാപ്പുവ ന്യൂഗിനിയില്‍ സര്‍ക്കാരിനെതിരേ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടെന്നു പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ആരും മരിച്ചില്ലെന്നും 23 പേര്‍ക്കു പരിക്കേറ്റതു മാത്രമേയുള്ളുവെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

തലസ്ഥാനമായ പോര്‍ട്ട്മോഴ്സിബിയിലെ യൂണിവേഴ്സിറ്റിയില്‍നിന്നു പാര്‍ലമെന്റിലേക്കു മാര്‍ച്ചു നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരേയാണു വെടിവയ്പുണ്ടായത്. അഴിമതിക്കാരനായ പ്രധാനമന്ത്രി പീറ്റര്‍ ഓനീല്‍ രാജിവയ്ക്കണമെന്നാണു വിദ്യാര്‍ഥികളുടെ ആവശ്യം. ഏതാനും നാളുകളായി ഈ ആവശ്യം ഉന്നയിച്ചു വിദ്യാര്‍ഥികള്‍ സമരം നടത്തിവരികയായിരുന്നു.

ഒരു അഭിഭാഷക സ്ഥാപനത്തിനു അനധികൃതമായി മൂന്നുകോടിയോളം ഡോളര്‍ നല്‍കിയതു സംബന്ധിച്ചാണ് മുഖ്യ ആരോപണം. സ്ഥാപന മേധാവിയെ 2013ല്‍ അറസ്റു ചെയ്തെങ്കിലും ഇതുവരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല.